പി പി ചെറിയാൻ
ഐഡഹോ: ഐഡഹോയിൽ പരമ്പര കൊലയാളിയെ മരുന്ന് കുത്തിവച്ച് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടു. മരുന്ന് കുത്തിവയ്ക്കുന്നതിനുള്ള ഞരമ്പ് കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് തോമസ് ക്രീച്ചിന്‍റെ (73) വധശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ടത്. ഒരു മണിക്കൂറോളം എക്സിക്യൂഷൻ ചേമ്പറിൽ കെട്ടിയിട്ടാണ് മരുന്ന് കുത്തിവയ്ക്കാനുള്ള ഞരമ്പ് കണ്ടെത്താൻ ശ്രമിച്ചത്. കൈകളിലും കാലുകളിലുമായി പത്ത് തവണ മരുന്ന് കുത്തിവയ്ക്കാൻ ശ്രമിച്ചെങ്കിലും അനുയോജ്യമായ ഞരമ്പ് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ വധശിക്ഷ മാറ്റിവച്ചു. 40 വർഷത്തിലേറെയായി വധശിക്ഷ കാത്ത് കഴിയുകയാണ് തോമസ് ക്രീച്ച്.
981-ൽ ബാറ്ററി നിറച്ച സോക്ക് ഉപയോഗിച്ച് സെൽമേറ്റിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്. ഇതിനു പുറമെ അഞ്ച് കൊലപാതകങ്ങളിലും തോമസ് ക്രീച്ചിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്. നിരവധി കൊലപാതക കേസുകളിലും ഇയാൾ ആരോപണവിധേയനാണ്.