കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് ക്യൂബൻ ജനത അമേരിക്കയിലേക്ക് കുടിയേറുകയാണ്. സാമൂഹിക – സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ഒന്നാകെ തകത്തെറിഞ്ഞിട്ടുണ്ട്. 2021ൽ ക്യൂബയിൽ നിന്ന് കുടിയേറിയവരുടെ എണ്ണം 39,000 ആയിരുന്നെങ്കിൽ 2022 ൽ അത് രണ്ടേകാൽ ലക്ഷത്തിന് അടുത്താണ്. ദിനം പ്രതി മെക്സിക്കോ അതിർത്തിയിൽ നിന്ന് ധാരാളം ക്യൂബൻ ജനങ്ങൾ അമേരിക്കൻ സേനയാൽ പിടികൂടപ്പെടുന്നുണ്ട്.
സത്യത്തിൽ ക്യൂബയ്ക്ക് എതിരെ അമേരിക്ക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച 1962 മുതൽ ക്യൂബയിൽ ആഹാരത്തിനും മരുന്നിനുമുള്ള ക്ഷാമം ജനതയുടെ ജീവിതത്തിലെ യാഥാർഥ്യമായിരുന്നു. തൊണ്ണൂറുകളിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ക്യൂബയ്ക്ക് ലഭിച്ചിരുന്ന സബ്സിഡികളും നിലച്ചു. തുടർന്ന് രാജ്യാന്തര വിനോദ സഞ്ചാരത്തെയും പ്രവാസികളായ ഒരു വിഭാഗം ജനതയെയും ആശ്രയിച്ചാണ് രാജ്യം മുന്നോട്ട് പോയത്. എന്നാൽ 2020 ലെ കോവിഡ് വ്യാപനം രാജ്യത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവിനെ ഗണ്യമായി തന്നെ ബാധിച്ചു.
പ്രധാന സാമ്പത്തിക സ്രോതസ് അടഞ്ഞത് രാജ്യത്തെ ബാധിച്ചു. ജനങ്ങൾക്ക് ആഹാരമോ മറന്നോ വസ്ത്രമോ ലഭിക്കാതായി. പാതിരാവോളം പണിയെടുത്താലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന ഒരു ജനതയായി അവർ മാറി. ജനങ്ങൾക്ക് ജോലിയെടുത്താൽ കിട്ടുന്ന ശമ്പളം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തം അല്ലാതിരുന്നു. അതിനാൽ, ജോലി ചെയ്യുന്നതിനേക്കാൾ താല്പര്യം കരിഞ്ചന്തയിൽ സാധങ്ങൾ വിൽക്കുന്നതിൽ ക്യൂബൻ ജനത കാണിക്കുന്നു.
ക്യൂബയുടെ ഈ ഒരു അവസ്ഥക്ക് ഒരു പരിധി വരെ കാരണം അമേരിക്ക കൂടിയാണ്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള രാഷ്രീയ ശത്രുത 2016ലാണ് അമേരിക്ക അവസാനിപ്പിക്കുന്നത്. ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോൾ ക്യൂബയോട് സ്വീകരിച്ച മൃദു നയം അവസാനിച്ചത് ട്രംപിന്റെ വരവോടെയാണ്. ട്രംപിന്റെ വരവോടെ അമേരിക്കയുമായുള്ള ക്യൂബയുടെ ബന്ധവും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയും വീണ്ടും തകർന്നു. അമേരിക്കയുള്ള ക്യൂബൻ ജനത സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് നിയന്ത്രങ്ങൾ കൊണ്ട് വന്നു. 2021ൽ അദ്ദേഹം സ്ഥാനമൊഴിയുന്നതിന് മുൻപ് നടത്തിയ അവസാന നടപടികളിലൊന്ന് ക്യൂബയെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു. ജോ ബൈഡൻ അധികാരത്തിലെത്തിയതിന് ശേഷമാണ് ഈ നിയന്ത്രങ്ങളിൽ ഇളവ് വന്നത്.
എന്നിരുന്നാലും, അറുപത് വർഷത്തെ വ്യാപാര ഉപരോധങ്ങൾക്കും അതിനെ അതിജീവിച്ച് മുന്നോട്ട് വെച്ച സോഷ്യലിസ്റ്റ് മാതൃകക്കും ശേഷം ക്യൂബയുടെ ജനസംഖ്യയിൽ 2% ഒരു വർഷത്തിൽ തന്നെ രാജ്യം വിട്ട് പലായനം ചെയ്തിട്ടുണ്ട്.