പി. പി.ചെറിയാൻ
ഡാലസ് : ഡാലസ് മെത്തഡിസ്റ്റ് ഹോസ്പിറ്റലിൽ കഴിഞ്ഞ വർഷം നടന്ന വെടിവയ്പ്പിൽ രണ്ടു ആശുപത്രി ജീവനക്കാർ കൊല്ലപ്പെട്ട കേസിൽ 31 കാരനായ നെസ്റ്റർ ഹെർണാണ്ടസ് കുറ്റക്കാരനാണെന്ന് ഡാലസ് കൗണ്ടി ജൂറി വ്യാഴാഴ്ച കണ്ടെത്തി. ജഡ്ജ് ചിക്ക അനിയം ഹെർണാണ്ടസിനെ പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
2022 ഒക്ടോബർ 22-ന് ആരോഗ്യ പ്രവർത്തകരായ സോഷ്യൽ വർക്കർ ജാക്വലിൻ പൊകുവായും (45 ) നേഴ്സ് ആനെറ്റ് ഫ്ളവർസുമാണ് ( 63) ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയിൽ വെടിയേറ്റ് മരിച്ചത്. മൊഴിയിൽ, സാമൂഹിക പ്രവർത്തകയായ ജാക്വലിൻ പൊകുവായെയും നഴ്‌സായ ആനെറ്റ് ഫ്‌ളവേഴ്‌സിനെയും വെടിവച്ചു കൊന്നതായി ഹെർണാണ്ടസ് സമ്മതിച്ചു. എന്നാൽ താൻ അത് മന:പൂർവമല്ല ചെയ്തതെന്നും പ്രതി പറഞ്ഞു.
നവജാത ശിശുവിനൊപ്പം ആശുപത്രി മുറിയിലായിരുന്ന തന്റെ അന്നത്തെ കാമുകി സെലീന വില്ലറ്റോറോ പിതൃത്വത്തെചൊല്ലി തർക്കത്തിൽ ഏർപ്പെട്ടപ്പോൾ പൊക്കുവായ് ഇടപെട്ടപ്പോൾ വെടിവെച്ചതാണെന്നും ഫ്‌ളവേഴ്‌സ് എന്ന നഴ്‌സ് ഇടനാഴിയിൽ ഉണ്ടായിരുന്നുവെന്നത് അറിയില്ലായിരുന്നുവെന്നും പ്രതി ജൂറിയോട് പറഞ്ഞു. കേസിൽ വധശിക്ഷ നടപ്പാക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടർമാർ തീരുമാനിച്ചിരുന്നു.