പി. പി. ചെറിയാൻ
മസ്‌ക്വിറ്റ്(ഡാലസ്) : കുടുംബം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് ശക്തമായ ബന്ധങ്ങളെയാണോ അതോ ബാധ്യതയായിട്ടാണോ എന്നു സംശയിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്നു അധിവസിക്കുന്നത്. വിവാഹത്തിൽ വധൂവരന്മാർ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതു ശക്തമായ ഉരുക്കു ചങ്ങലകൊണ്ടൊ അതോ കയർ വടംകൊണ്ടൊ അല്ലെന്നും മറിച്ചു ദുർബലമായ നൂൽച്ചരടുകൾ കൊണ്ടാണെന്നു റവ കെ. വൈ. ജേക്കബ് ഓർമിപ്പിച്ചു. നൂൽച്ചരടുകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന വിവാഹ ബന്ധം ജീവിതകാലം മുഴുവൻ പവിത്രമായി കാത്തുസൂക്ഷിക്കേണ്ടതിനും അതിലൂടെ സ്വായത്തമാകുന്ന സന്തോഷവും നിലനിൽക്കുന്നതിനും ക്രിസ്തുവിനെ നാം നമ്മുടെ ജീവിതത്തിൽ നായകനായി സ്വീകരിക്കണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.
ക്രിസ്തുവിന്റെ കുരിശ് ചുമക്കുവാൻ ഭാഗ്യം ലഭിച്ച ശീമോന്റെ സ്വാധീനം തന്റെ കുടുമ്പത്തിനും തലമുറക്കും സമൂഹത്തിനും അനുഗ്രഹമായി മാറിയത് നമുടെ മുൻപിൽ മാതൃകയായി നിലനിൽക്കുന്നു. മർക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം വിശകലം ചെയ്തുകൊണ്ട് അച്ചൻ ചൂണ്ടിക്കാട്ടി. ക്രിസ്തുവിനു വേണ്ടി ത്യാഗം സഹിക്കുവാൻ നാം തയാറാകുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന അനുഗ്രഹം അവർണനീയമാണെന്നും അച്ചൻ പറഞ്ഞു
ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച് സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 25 വെള്ളി മുതൽ 27 ഞായർ വരെ നടത്തപ്പെടുന്ന ത്രിദിന കൺവൻഷനിൽ പ്രാരംഭ ദിനം മാർത്തോമ്മാ സഭയുടെ മുൻ വികാരി ജനറാൾ വെരി. റവ. കെ. വൈ. ജേക്കബ് മുഖ്യ സന്ദേശം നൽകുകയായിരുന്നു. സന്ധ്യാ നമസ്കാരത്തിന് ശേഷം ഇടവക ഗായക സംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി. മദ്ധ്യസ്ഥ പ്രാർത്ഥനക്കു മിനി നേതൃത്വം നൽകി. റോബിൻ ചേലങ്കരി സ്വാഗതം ആശംസിച്ചു. ഇടവക വികാരി റവ ഷൈജു സിജോയ് ആമുഖ പ്രസംഗം നടത്തി. അലക്സാണ്ടർ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.