ന്യൂയോർക്ക്: ഈ വർഷം മുതൽ ദീപാവലി ദിവസം ന്യൂയോർക്കിൽ സ്കൂൾ അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ് അസംബ്ലിയും സെനറ്റും ഇത് സംബന്ധിക്കുന്ന ബിൽ പാസാക്കിയാതായി ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് പറഞ്ഞു. അധികം താമസിയാതെ ഈ ബിൽ നിയമപ്രാബല്യം നേടുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ന്യൂയോർക്ക് നഗരത്തിൽ വർധിച്ചുവരുന്ന ദക്ഷിണേഷ്യൻ, ഇൻഡോ-കരീബിയൻ വംശജരുടെ സാന്നിധ്യത്ത പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു ബിൽ അധികൃതർ പാസ്സാക്കിയത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതവിഭാഗങ്ങളിലായി ആറ് ലക്ഷത്തിലധികം ഇന്ത്യാക്കാർ നിലവിൽ ന്യൂയോർക്കിലുണ്ട്. സ്കൂൾ കലണ്ടറിൽ ദീപാവലി ദിനം കൂട്ടിച്ചേർക്കുന്നതോടെ ലോകമാകമാനമുള്ള മറ്റ് സംസ്കാരവൈവിധ്യങ്ങളെന്താണെന്ന് അറിയുക എന്ന ലക്ഷ്യം നടപ്പിലാകുമെന്ന് ഭരണകൂടം പറയുന്നു.