പി പി ചെറിയാൻ
ഡാളസ് : ഡാലസ്, ഫോർട്ട്‍വർത്ത്, ഡന്റൻ തുടങ്ങിയ നിരവധി നോർത്ത് ടെക്സസ് കൗണ്ടികളിൽ വ്യാഴാഴ്ച വൈകിട്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും പരക്കെ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. തെക്കു പടിഞ്ഞാറൻ അർകൻസയിൽ ചുഴലികാറ്റും അതോടൊപ്പം ആലിപഴ വർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡ് ഗതാഗതത്തെ ഇത് ഭാഗികമായി ബാധിച്ചു.
വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് ഡാലസ് ഫോർട്ട്‌വർത്ത് മേഖലയിലൂടെ ശക്തമായ ചുഴലിക്കാറ്റ് കടന്നു പോയത്. ചുഴലിക്കാറ്റിനെ കുറിച്ചു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.നോർത്ത് ടെക്സസിൽ 347000 ത്തിലധികം ഉപയോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പല വീടുകളുടെയും മേൽകൂരകൾക്ക് കേടുപാടുകൾ സംഭവിച്ചു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ടെക്സസിലുടനീളം മുന്നറിയിപ്പ് നൽകിയിരുന്നു. ഡാലസിലെ വിമാനത്താവളങ്ങളിൽ ഏകദേശം 400 വിമാന സർവീസുകൾ റദ് ചെയ്തിട്ടുണ്ട്. മെക്കനിയിലെ ശക്തമായ കാറ്റിൽ ചെറിയ വിമാനം തലകീഴായി മറിഞ്ഞു. രാത്രി 9 മണിയോടെ കാറ്റ് ശാന്തമായി. അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തിവരുന്നു.