പി പി ചെറിയാൻ
വാഷിങ്ടൻ : പാം ബോണ്ടിയെ അറ്റോർണി ജനറലായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുത്തു. മുൻപ് ഫ്ലോറിഡയുടെ അറ്റോർണി ജനറലായി പാം ബോണ്ടി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻ ജനപ്രതിനിധി മാറ്റ് ഗെയ്റ്റ്സ്, പിന്മാറി മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. അറ്റോർണി ജനറലിനുള്ള പരിഗണനയിൽ നിന്ന് തന്റെ പേര് പിൻവലിക്കുന്നതായി ഗെയ്റ്റ്സ് വ്യാഴാഴ്ച അറിയിച്ചിരുന്നു.
17 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ചെന്ന് ആരോപണങ്ങൾ ഗെയ്റ്റ്‌സിനെതിരെ ഉയർന്നിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ രണ്ടാം ട്രംപ് സർക്കാരിനെ പ്രതികൂലമായ് ബാധിക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഗെയ്റ്റ്സ് പിന്മാറിയത്.
മയക്കുമരുന്ന് ആസക്തിക്കെതിരെ പോരാടുന്നത് ശ്രദ്ധ കേന്ദ്രീകരിച്ച് ബോണ്ടി മുൻപ് ട്രംപ് കമ്മിഷനിൽ പ്രവർത്തിച്ചിരുന്നു.അറ്റോർണി ജനറൽ എന്ന നിലയിൽ, എഫ്ബിഐ, ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ, ബ്യൂറോ ഓഫ് പ്രിസൺസ് എന്നിവ ഉൾക്കൊള്ളുന്ന ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനെ ബോണ്ടി നയിക്കും, കൂടാതെ 115,000-ത്തിലധികം ജീവനക്കാരുമുണ്ട്.