ദോഹ: ഗസ്സയിലെ വെടിനിർത്തലും ബന്ദി മോചനവുമായി ബന്ധപ്പെട്ട ദോഹ മധ്യസ്ഥ ചർച്ചകൾക്കായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി ദോഹയിലെത്തും. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പശ്ചിമേഷ്യയെ നരകമാക്കി മാറ്റുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് ദോഹയിലെത്തുന്നത്. വെള്ളിയാഴ്ച മുതൽ ഇസ്രായേലിന്റെയും ഹമാസിന്റെയും പ്രതിനിധികൾ ഖത്തറിലുണ്ട്. ഇരുപക്ഷവുമായും വിറ്റ്‌കോഫ് ചർച്ച നടത്തും. മൊസാദ് തലവൻ ഡേവിഡ് ബെർണിയയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പശ്ചിമേഷ്യൻ പ്രതിനിധി ബ്രെറ്റ് മഗ്കർക്ക് എന്നിവരും ദോഹയിലെത്തുമെന്നാണ് റിപ്പോർട്ട്.
ചർച്ചകളിൽ പുരോഗതിയുള്ളതായി വിറ്റ്‌കോഫ് ഫ്‌ളോറിഡയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹം തയ്യാറായില്ല. മധ്യസ്ഥ കരാറുമായി ബന്ധപ്പെട്ട് ഹമാസും ഇസ്രായേലും ചർച്ച തുടരുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ദോഹയിലും കെയ്‌റോയിലുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ വെടിനിർത്തലും ബന്ദിമോചനവും എന്ന് സാധ്യമാകും എന്നതിൽ ടൈം ഫ്രെയിം വയ്ക്കാനാവില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോക്ടർ മാജിദ് അൽ അൻസാരി പറഞ്ഞു.