വാഷിങ്ടൻ : മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ട്രാൻസ്ജെൻഡേഴ്സിനെ നിരാകരിച്ചും പാനമ കനാലിനെ തിരിച്ചെടുക്കുമെന്ന് ആവർത്തിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കന്നി പ്രസംഗം. യുഎസിന്റെ 47ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് യുഎസിന്റെ ഭാവിനയങ്ങൾ ട്രംപ് പ്രഖ്യാപിച്ചത്. യുഎസിന്റെ സുവർണയുഗത്തിന് ഇന്ന് തുടക്കമാകുകയാണെന്നും 2025 ജനുവരി 20 യുഎസിന്റെ വിമോചന ദിനമാണെന്നും ട്രംപ് പറഞ്ഞു.
യുഎസ്–മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കും. എല്ലാ അനധികൃത കുടിയേറ്റവും അടിയന്തരമായി തടയും. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനൽ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്ക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങും. ഇന്നുമുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. അമേരിക്കയെ ഞാൻ ഒന്നാമതെത്തിക്കും. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കും. നീതിയുടെ അളവുകോലുകൾ സന്തുലിതമാക്കും. ഐശ്വര്യപൂർണവും സ്വതന്ത്രവുമായ രാജ്യത്തെ വാർത്തെടുക്കുക എന്നതിനാണ് പ്രഥമ പരിഗണന. ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയുമാണ് തിരിച്ചുവരുന്നത്. രാജ്യത്തിന്റെ വിജയത്തിലേക്കുള്ള ത്രസിപ്പിക്കുന്ന പുതിയ യുഗത്തിന്റെ തുടക്കമാണിത്.
രാജ്യത്തെ വിലക്കയറ്റവും ഇന്ധനച്ചെലവ് വർധിക്കുന്നതും തടയാൻ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും നിർദേശം നൽകും. ഇതിനായി ദേശീയ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. എണ്ണ, പ്രകൃതിവാതകം ഖനനം വർധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.