വാഷിങ്ടൻ : ഇസ്രയേൽ വിരുദ്ധ സമരങ്ങളോട് അനുഭാവം കാട്ടിയെന്നാരോപിച്ച് കൊളംബിയ സർവകലാശാലയുടെ സർക്കാർ ഫണ്ട് റദ്ദാക്കിയതിനു പിന്നാലെ, പലസ്തീൻ അനുകൂലികളായ രാജ്യാന്തര വിദ്യാർഥികൾക്കെതിരായ നടപടികളും ട്രംപ് ഭരണകൂടം ശക്തമാക്കി. ഭീകരപ്രവർത്തന വകുപ്പുകൾ സർവകലാശാലകളിലെ ഇസ്രയേൽ വിരുദ്ധ സമരങ്ങൾക്കും ബാധകമാക്കാനാണ് നീക്കം. പൗരാവകാശ ലംഘനമാരോപിച്ച് വിദ്യാർഥികൾ കോടതിയെ സമീപിക്കുന്നതു തടയുകയാണു ലക്ഷ്യം.
കൊളംബിയ സർവകലാശാലയ്ക്കുള്ള 40 കോടി ഡോളർ സഹായമാണ് കഴിഞ്ഞയാഴ്ച റദ്ദാക്കിയത്. കഴിഞ്ഞ വർഷം യുഎസിലെ ക്യാംപസുകളിലെങ്ങും കത്തിപ്പടർന്ന പലസ്തീൻ അനുകൂല പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം കൊളംബിയ സർവകലാശാല ക്യാംപസായിരുന്നു. ഇവിടെ സമരങ്ങൾക്കു നേതൃത്വം നൽകിയ പ്രമുഖ പലസ്തീൻ വിദ്യാർഥി നേതാവ് മഹ്മൂദ് ഖലീലിനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡുള്ള ഖലീൽ ഇപ്പോൾ ലൂസിയാനയിൽ തടവിലാണ്.