വാഷിങ്ടൺ: കൊളറാഡോ സംസ്ഥാനത്തിന്റെ ആസ്ഥാനമന്ദിരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന തന്റെ ചിത്രം കൊള്ളില്ലെന്ന പരാതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അത് നീക്കംചെയ്യാനും നിർദേശിച്ചു. ചിത്രം ബോധപൂർവം മോശമാക്കിയതാണെന്നും അതിനുത്തരവാദി ഡെമോക്രാറ്റിക് പാർട്ടിയംഗമായ കൊളറാഡോ ഗവർണർ ജാരദ് പൊലിസാണെന്നും ട്രംപ് ആരോപിച്ചു.
“ഒരാളും അവരുടെ മോശം ചിത്രമോ പെയിന്റിങ്ങുകളോ ഇഷ്ടപ്പെടില്ല. ഇതേ മന്ദിരത്തിൽ പ്രദർശിപ്പിച്ച മുൻപ്രസിഡന്റ് ബരാക് ഒബാമയുടെ ചിത്രം മനോഹരമാണ്. എന്റേത് ഏറ്റവും മോശവും” -അരിശംപൂണ്ട് ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ എഴുതി. പ്രായമാകുന്തോറും കലാകാരിയുടെ കഴിവ് നഷ്ടപ്പെട്ടിരിക്കണമെന്നുപറഞ്ഞ് ചിത്രം വരച്ച സാറ ബോർഡ്മാനെ ട്രംപ് പരിഹസിച്ചു. സാറയാണ് രണ്ടുചിത്രങ്ങളും വരച്ചത്.
ട്രംപ് ആദ്യം പ്രസിഡന്റായപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ കൊളറാഡോ സെനറ്റ് പ്രസിഡന്റ് കെവിൻ ഗ്രാന്തം 2018-ൽ 10,000 ഡോളർ സമാഹരിച്ച് വരപ്പിച്ച ചിത്രമാണിത്. 2019 മുതൽ ഇത് കൊളറാഡോ സംസ്ഥാന ആസ്ഥാനത്തുണ്ട്.