വാഷിങ്ടൻ : അന്യായ ഇറക്കുമതിത്തീരുവ ആരോപിച്ച് ഇന്ത്യ അടക്കം കൂടുതൽ രാജ്യങ്ങൾക്കെതിരെയുള്ള പകരത്തിനു പകരം തീരുവ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നു പ്രഖ്യാപിക്കും. തിരിച്ചടിത്തീരുവ പ്രാബല്യത്തിലായാൽ യുഎസിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു വില കൂടുന്നതു കയറ്റുമതിയെ പ്രതികൂലമായി ബാധിക്കാം. സമുദ്രോൽപന്ന–വസ്ത്ര കയറ്റുമതി രംഗങ്ങളിൽ കേരളത്തിൽ ആകാംക്ഷയും ആശങ്കയുമുണ്ട്.
ഭൂരിഭാഗം ഇറക്കുമതിക്കും 20 ശതമാനത്തോളം തീരുവ ചുമത്താണു ട്രംപ് ഭരണകൂടം തയാറെടുക്കുന്നതെന്നാണു റിപ്പോർട്ട്. ഇതിൽനിന്ന് ഒരു രാജ്യത്തെയും ഒഴിവാക്കില്ലെന്നാണു സൂചന. അതേസമയം, അന്യായ തീരുവകൾ ഇന്ത്യ കാര്യമായി വെട്ടിക്കുറയ്ക്കുമെന്നു കേട്ടുവെന്നും ഇതു നേരത്തേയാവാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
യുഎസിന് അന്യായ തീരുവ ചുമത്തുന്ന ഇന്ത്യ അടക്കം രാജ്യങ്ങളുടെ പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടു മണിക്കൂറുകൾക്കകമാണു ട്രംപിന്റെ പരാമർശം. അമേരിക്കൻ കാർഷികോൽപന്നങ്ങൾക്ക് 100% തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നു പട്ടികയിലുണ്ട്. ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്.