ന്യൂയോർക്ക് : ഒരു വർഷം പിന്നിട്ട റഷ്യ–യുക്രെയ്ൻ യുദ്ധം മനസ്സുവച്ചാൽ 24 മണിക്കൂറിനുള്ളിൽ തീർക്കാൻ തനിക്കറിയാമെന്ന അവകാശവാദവുമായി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇരുകക്ഷികളെയും പങ്കെടുപ്പിച്ചുള്ള സമാധാന ചർച്ചയ്ക്ക് മധ്യസ്ഥനാകുന്നതിലൂടെയാകും യുദ്ധം അവസാനിപ്പിക്കുക എന്ന് വിശദീകരിച്ച ട്രംപ്, ഇത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിനു മറുപടി നൽകിയില്ല. അതേസമയം, താൻ വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നെങ്കിൽ, റഷ്യ–യുക്രെയ്ൻ യുദ്ധം സംഭവിക്കുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ, അന്നും റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിച്ചില്ലെങ്കിൽ, ഒറ്റ ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം സാധ്യമാക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി എന്നിവരുമായി തനിക്കു ചർച്ച നടത്താൻ എളുപ്പത്തിൽ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ‘‘അന്നും ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, സെലൻസ്കിയുമായും പുട്ടിനുമായും സംസാരിച്ച് 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കും. ഇക്കാര്യത്തിൽ ചർച്ചകൾ അനായാസം നടക്കും. എങ്ങനെയാണ് ഇതു സാധ്യമാകുക എന്നത് പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, ആ തന്ത്രം പുറത്തുവിട്ടാൽ പിന്നീട് എനിക്കത് ഉപയോഗിക്കാനാകില്ലല്ലോ.
എങ്കിലും ഒന്നു പറയാം. ഇരു കൂട്ടരെയും പങ്കെടുപ്പിച്ചുള്ള ചർച്ച നടത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ഒറ്റ ദിവസത്തിനുള്ളിൽ ഞാൻ എല്ലാം ശരിയാക്കിത്തരാം. ഇരുകൂട്ടർക്കും ഇടയിൽ സമാധാനവും ഉറപ്പാക്കാം’’ – ട്രംപ് പറഞ്ഞു. ഒന്നര വർഷത്തേക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ചകൾ നടക്കാൻ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, അതു സാമാന്യം ദൈർഘ്യമേറിയ കാലയളവാണെന്നും അഭിപ്രായപ്പെട്ടു. ഇക്കാലയളവിൽ യുദ്ധം കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്കു നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
2020ൽ താൻ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ, റഷ്യ–യുക്രെയ്ൻ യുദ്ധം തന്നെ സംഭവിക്കുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡന്റുമായി തനിക്കുള്ള അടുത്ത സൗഹൃദവും അദ്ദേഹം പങ്കുവച്ചു. ഇരു കൂട്ടരും തമ്മിലുള്ള യുദ്ധം നീണ്ടുപോയാൽ, അത് മൂന്നാം ലോക മഹായുദ്ധത്തിലേക്കു നയിച്ചേക്കാമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.