ന്യൂയോർക്ക് : ബന്ധം പുറത്തുപറയാതിരിക്കുന്നതിന് രതിചിത്രങ്ങളിലെ നടി സ്റ്റോമി ഡാനിയേൽസിനു പണം നൽകിയെന്ന കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ന്യൂയോർക്ക് കോടതി കുറ്റം ചുമത്തി. ട്രംപിനോട് ഉടൻ കോടതിയിൽ കീഴടങ്ങാൻ മൻഹാറ്റൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാഗ് ആവശ്യപ്പെട്ടു. ക്രിമിനൽ കേസിൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ യുഎസ് മുൻ പ്രസിഡന്റാണ് ട്രംപ്. ഫ്ലോറിഡയിൽനിന്നു ട്രംപ് തിങ്കളാഴ്ച ന്യൂയോർക്കിലെത്തി ചൊവ്വാഴ്ച കോടതിയിൽ ഹാജരായി കുറ്റപത്രം വായിച്ചുകേൾക്കും.
അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ കൂടുതൽ സാധ്യതയുള്ള ട്രംപിന് കനത്ത തിരിച്ചടിയാണിത്. കുറ്റം ചുമത്തപ്പെട്ടവർക്കോ ജയിലിലടയ്ക്കപ്പെട്ടവർക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നു യുഎസിൽ നിയമമില്ലെങ്കിലും ട്രംപിന്റെ എതിരാളികൾ ഇത് ആയുധമാക്കിനിടയുണ്ട്. 2020 ലെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള മറ്റു ക്രിമിനൽ കേസുകളിലും ട്രംപ് നടപടികൾ നേരിടുന്നുണ്ട്. 2017–21 ൽ പ്രസിഡന്റായിരുന്നപ്പോൾ ജനപ്രതിനിധിസഭ 2 തവണ ട്രംപിനെ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് രക്ഷിക്കുകയായിരുന്നു.
ട്രംപ് 2016 ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് 2 ദിവസം മുൻപാണ് ഡാനിയേൽസിനു പണം നൽകിയത്. ട്രംപിന്റെ മുൻ അറ്റോർണി മൈക്കൽ കോഹനാണ് 130,000 ഡോളർ ഇലക്ട്രോണിക് സംവിധാനത്തിലൂടെ കൈമാറിയത്. പണം നൽകിയതായി കോഹൻ കോടതിയിൽ സമ്മതിച്ചിരുന്നു. ആരോപണം നിഷേധിച്ച ട്രംപ് രാഷ്ട്രീയ എതിരാളികളുടെ പകപോക്കലാണിതെന്ന് വാദിച്ചിരുന്നു. കുറ്റം ചുമത്തിയ മൻഹാറ്റൻ ഡിസ്ട്രിക്ട് അറ്റോർണി നിയമ വ്യവസ്ഥയ്ക്ക് നാണക്കേടാണെന്ന് ട്രംപ് പ്രതികരിച്ചു.