ഫ്ലോറിഡ: ക്രിമിനൽ കേസിൽ കുറ്റം ചുമത്തപ്പെട്ട മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് കോടതിയിൽ ഹാജരാകും. ഫ്ലോറിഡയിലെ മറലാഗോ വസതിയിൽ നിന്ന് ഇതിനായി ട്രംപ് ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിലെത്തി. ഇന്നു രാവിലെ മൻഹാറ്റനിലെ കോടതിയിൽ ജഡ്ജി യുവാൻ മെർക്കനു മുന്നിൽ ഹാജരായി കുറ്റപത്രം വായിച്ചുകേട്ടശേഷം അദ്ദേഹം മടങ്ങും. കോടതിയിൽ പ്രവേശിക്കും മുൻപ് ട്രംപിന്റെ വിരലടയാളവും മുഖത്തിന്റെ ചിത്രവും എടുക്കും. യു.എസിൽ ക്രിമിനൽക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻ പ്രസിഡന്റാണ് ട്രംപ്.
പോണ്‍താരം സ്റ്റോമി ഡാനിയേൽസുമായുള്ള വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് 1,30,000 ഡോളർ നൽകിയെന്നാണ് കേസ്. കുറ്റം നിഷേധിച്ച ട്രംപ് കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചിരുന്നു.
അതേസമയം ട്രംപിന്റെ അനുയായികൾ പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 36,000 പോലീസുകാരെ സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചു. പ്രതിഷേധിക്കാൻ ചൊവ്വാഴ്ച ന്യൂയോർക്കിലേക്കു പോകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി എം.പി. മാർജറി ടെയ്‌ലർ പറഞ്ഞു. എന്നാൽ നിലവിൽ വലിയ ഭീഷണികളൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു.