വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടത്തിനുകീഴിൽ ലോകം മൂന്നാം ആണവ മഹായുദ്ധം നേരിടാൻ സാധ്യതയുണ്ടെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. നിലവിലെ സർക്കാർ രാജ്യത്തെ തകർക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പു നൽകി. രതിചിത്ര നടിക്ക് പണം നൽകിയ കേസിൽ അറസ്റ്റിലായി പിന്നീട് പുറത്തിറങ്ങിയശേഷം ഫ്ലോറിഡയിലെ മാർലാഗോയിലെ വസതിയിൽ മാധ്യമങ്ങളെയും അനുയായികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.
‘‘അണ്വായുധം പ്രയോഗിക്കുമെന്ന് പരസ്യമായാണ് പല രാജ്യങ്ങളും ഭീഷണി ഉയർത്തുന്നത്. എന്റെ ഭരണകാലത്ത് പല രാജ്യങ്ങളും ഇത്തരം കാര്യങ്ങൾ സംസാരിക്കുകപോലുമില്ലായിരുന്നു. ബൈഡൻ ഭരണകൂടത്തിനുകീഴിൽ ഇങ്ങനെ പോയാൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാകും അത് അണ്വായുധ യുദ്ധമായിരിക്കും. വിശ്വസിച്ചാലും ഇല്ലെങ്കിലും ആ സാഹചര്യത്തിൽനിന്ന് വളരെ അകലെയല്ല നാമിപ്പോൾ.
ജോ ബൈഡനു കീഴിൽ യുഎസ് തകർന്നു. സാമ്പത്തികരംഗം തകർന്നു. വിലക്കയറ്റം നിയന്ത്രണാതീതമായി. റഷ്യയും ചൈനയും യോജിച്ചു പ്രവർത്തിക്കുന്നു. നിങ്ങൾക്കത് വിശ്വസിക്കാൻ പറ്റുന്നുണ്ടോ. സൗദി അറേബ്യ ഇറാനുമായി കൈകോർത്തു. ‘ശല്യമുണ്ടാക്കുന്ന വിനാശകരമായ സഖ്യമാണ്’ ചൈനയും റഷ്യയും ഇറാനും ഉത്തര കൊറിയയും ചേർന്ന് ഉണ്ടാക്കിയിരിക്കുന്നത്. ഞാനായിരുന്നു നിങ്ങളുടെ പ്രസിഡന്റ് എങ്കിൽ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു.
റഷ്യ ഒരിക്കലും യുക്രെയ്നെ ആക്രമിക്കില്ലായിരുന്നു. അവിടെ പൊലിഞ്ഞ ജീവിതങ്ങളെ രക്ഷിക്കാമായിരുന്നു. ആ മനോഹര നഗരങ്ങളെ ഇപ്പോഴും അതേപോലെ നിലനിർത്താമായിരുന്നു. നമ്മുടെ കറൻസി തകർന്നുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ ലോക നിലവാരത്തിൽനിന്ന് അതു താഴെപ്പോകും. 200 വർഷത്തെ നമ്മുടെ ഏറ്റവും വലിയ പരാജയം ആയിരിക്കും അത്. ബൈഡൻ രാജ്യത്തെ നശിപ്പിക്കുകയാണ്. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം അഞ്ച് പ്രസിഡന്റുമാരുടെ ഭരണകാലം ഒരുമിച്ചു കണക്കുകൂട്ടിയാൽപ്പോലും ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും നശിപ്പിച്ചതിന്റെ അത്രയും ഉണ്ടാകില്ല’’ – ട്രംപ് പറഞ്ഞു.