വാഷിങ്ടൻ : ഈ വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ആരു വേണമെന്ന കാര്യത്തിൽ തീരുമാനമെടുത്തെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു. പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അയോവയിൽ ടിവി സംവാദത്തിൽ മുൻ പ്രസിഡന്റ് പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽനിന്ന് പിന്മാറിയ ന്യൂജേഴ്സി മുൻ ഗവർണറായ ക്രിസ് ക്രിസ്റ്റിയാണോ ആ വ്യക്തിയെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. നിലവിൽ പാർട്ടിയിലെ മത്സരരംഗത്തുള്ള നിക്കി ഹേലിയും റോൺ ഡിസാന്റിസും തമ്മിൽ ബഹളമയമായ സംവാദം അയോവയിൽത്തന്നെ നടക്കുമ്പോൾ ചിരിച്ചും തമാശ പറഞ്ഞും ചാനലിൽ പ്രത്യക്ഷപ്പെട്ട് ട്രംപ് കയ്യടി നേടി.
വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ട്രംപ് ഒപ്പം കൂട്ടാൻ ഏറ്റവും കൂടുതൽ സാധ്യത സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോമിനാണെന്നാണു സംസാരം. യുഎസ് കോൺഗ്രസ് അംഗമായ എലീസ് സ്റ്റെഫനിക്, പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു ശ്രമിക്കുന്ന ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി എന്നിവരുടെ പേരും കേൾക്കുന്നുണ്ട്.