പി പി ചെറിയാൻ
ന്യൂയോർക്ക് : യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികൾ കടുപ്പിക്കുന്നതിന് പരിഗണിക്കുമെന്ന് ട്രംപിനെതിരെയുള്ള ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാൻ മെർച്ചൻ. കൂടുതൽ നിയമലംഘനം കണ്ടെത്തുന്ന പക്ഷം ട്രംപിനെ ജയിലിലടയ്ക്കും. ജഡ്‌ജിമാർ, സാക്ഷികൾ, ജഡ്ജിമാരുടെയും പ്രോസിക്യൂട്ടർമാരുടെയും കുടുംബങ്ങളെ കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നതിൽ നിന്ന് വിലക്കുന്ന കോടതി ഉത്തരവ് ട്രംപ് പാലിക്കുന്നില്ല. ജയിൽ ശിക്ഷ വിധിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ആവശ്യമെങ്കിൽ അതിന് ഉത്തരവിടും.
വിചാരണ തടസ്സപ്പെടുത്തൽ, തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ പ്രസിഡന്‍റ് സ്ഥാനാർഥിയെ ജയിലിൽ അടയ്ക്കുന്നതിന്‍റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചാണ് ജയിൽശിക്ഷ വിധിക്കാൻ മടിക്കുന്നത്. ജയിൽശിക്ഷ അവസാനത്തെ ആശ്രയമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സമൂഹമാധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ട്രംപ് കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 9,000 ഡോളർ ജസ്റ്റിസ് ജുവാൻ മെർച്ചൻ പിഴ ചുമത്തിയിരുന്നു.