വാഷിങ്ടൺ: പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ തന്റെ ചെവിക്ക് വെടിയേറ്റതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അക്രമണത്തിനുശേഷമുള്ള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും അദ്ദേഹം അമേരിക്കൻ സാമൂഹ്യമാധ്യമമായ ‘ട്രൂത്ത് സോഷ്യലി’ല്‍ കുറിച്ചു.
‘വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് എനിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നാലെ എന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. വലിയരീതിയില്‍ രക്തസ്രാവമുണ്ടായി. അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായത്. വെടിവെപ്പ് നടന്നതിന് പിന്നാലെ ദ്രുതഗതിയില്‍ ഇടപെട്ട യുഎസ് സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ക്കും നിയമപാലകര്‍ക്കും നന്ദി അറിയിക്കുന്നു’, ട്രംപ് കുറിച്ചു.
പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില്‍ ഒരാളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ പങ്കെടുത്ത മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. സുരക്ഷാഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു.