പി പി ചെറിയാൻ
ഷിക്കാഗോ : ഇല്ലിനോയ് പ്രൈമറി ബാലറ്റിൽ നിന്ന് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ നീക്കം ചെയ്യാൻ കുക്ക് കൗണ്ടി സർക്യൂട്ട് ജഡ്ജി ട്രേസി ആർ. പോർട്ടർ ഇല്ലിനോയ് ബോർഡ് ഓഫ് ഇലക്ഷൻസിന് നിർദേശം നൽകി. ട്രംപ് കലാപത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അതിനാൽ സംസ്ഥാനത്തെ പ്രാഥമിക ബാലറ്റിൽ പേര് ഉൾപ്പെടുത്താൻ പാടില്ലെന്നാണ് കോടതി വിധിച്ചത്. അപ്പീൽ നൽകുന്നതിന് നാളെ വരെ തീരുമാനം അനുവദിച്ചിട്ടുണ്ട്. അതുവരെ തീരുമാനം നടപ്പാക്കാൻ പാടില്ലെന്നും കോടതി ഉത്തരവിലുണ്ട്.
2021 ജനുവരി 6ന് യുഎസ് ക്യാപ്പിറ്റളിന് നേരെയുണ്ടായ ആക്രമണത്തിലാണ് ട്രംപ് നടപടി നേരിട്ടത്. ഭരണഘടനയെ പിന്തുണയ്ക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഉദ്യോഗസ്ഥർ കലാപത്തിൽ ഏർപ്പെട്ടാൽ സർക്കാർ സേവനമനുഷ്ഠിക്കുന്നതിൽ നിന്ന് വിലക്കുന്ന 14-ാം ഭേദഗതിയിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്.