വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മൂന്നുദിവസംമാത്രം ശേഷിക്കേ, അമേരിക്കയിലെ ഹിന്ദുവംശജരുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്.
ഹിന്ദുവിരുദ്ധ അജൻഡകളിൽനിന്നും തീവ്ര ഇടതുകളിൽ നിന്നും ഹിന്ദുക്കളെ സംരക്ഷിക്കുമെന്നും അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും വ്യാഴാഴ്ച എക്സിൽ പങ്കുവെച്ച ദീപാവലി സന്ദേശത്തിൽ ട്രംപ് ഉറപ്പുനൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘നല്ലമിത്ര’മെന്നുവിശേഷിപ്പിച്ച ട്രംപ്, അധികാരത്തിലെത്തിയാൽ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തമാക്കാൻ ആഗ്രഹിക്കുന്നെന്നും കുറിച്ചു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പലായനത്തിനുപിന്നാലെ, ബംഗ്ലാദേശിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുൾപ്പെടെ മതന്യൂനപക്ഷങ്ങൾ കിരാതമായ അതിക്രമങ്ങൾ നേരിടുകയാണെന്ന് ട്രംപ് പറഞ്ഞു. അതിനെ ശക്തമായി അപലപിക്കുന്നെന്നും കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ട്രംപ് ആദ്യമായാണ് പ്രതികരിക്കുന്നത്.
അമേരിക്കയിലും ലോകത്തെമ്പാടുമുള്ള ഹിന്ദുസമൂഹത്തെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ കമലാഹാരിസും അവഗണിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. തന്റെ ഭരണത്തിൽ കീഴിൽ അതൊരിക്കലും സംഭവിക്കില്ലെന്നും അവകാശപ്പെട്ടു. ഇസ്രയേൽ, യുക്രൈൻ വിഷയങ്ങൾ തുടങ്ങി തെക്കൻ അതിർത്തിയിൽവരെ പരാജയപ്പെട്ട ഭരണകൂടമാണ് ബൈഡന്റേതെന്നും താൻ അധികാരത്തിലെത്തിയാൽ അമേരിക്കയെ വീണ്ടും കരുത്തരാക്കുമെന്നും ട്രംപ് പറഞ്ഞു.
ഹിന്ദുവംശജർക്ക് അനുകൂലമായി ട്രംപിന്റെ വാദ്ഗാനത്തെ പ്രകീർത്തിച്ച് യു.എസിലെ ഹിന്ദുസമൂഹം രംഗത്തെത്തി. ഈ വിഷയത്തെക്കുറിച്ച് കമല ഇതുവരെ മിണ്ടിയിട്ടുപോലുമില്ലെന്നും ട്രംപിനോട് നന്ദിയുണ്ടെന്നും ‘ഹിന്ദൂസ് ഫോർ അമേരിക്ക’യുടെ ചെയർമാൻ ഉത്‍സവ് സന്ദുജ പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി സംസാരിച്ചതിന് ഹിന്ദുആക്‌ഷനും ട്രംപിനെ പ്രകീർത്തിച്ചു. ട്രംപിനെപ്പോലെ യു.എൻ. സെക്രട്ടറി ജനറലും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കായി മുന്നോട്ടുവരണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു.