വാഷിങ്ടൻ : പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഫ്ഗാൻ പൗരനെതിരെ യുഎസ് സർക്കാർ കുറ്റം ചുമത്തി. ട്രംപിനെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയതിനു 51 കാരനായ ഫർഹാദ് ഷാക്കേരിക്കെതിരായാണ് കുറ്റം ചുമത്തിയത്. ഷാക്കേരിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇറാനിലാണ് ഇയാളെന്നാണു സൂചനയെന്നും യുഎസ് സർക്കാർ അറിയിച്ചു. മാൻഹട്ടൻ കോടതിയിൽ സമർപ്പിച്ച പരാതിയിൽ, ഇറാനിലെ റവല്യൂഷണറി ഗാർഡിലെ ഒരു ഉദ്യോഗസ്ഥൻ ട്രംപിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ സെപ്റ്റംബറിൽ ഷാക്കേരിയോട് നിർദ്ദേശിച്ചതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
ഏഴു ദിവസത്തിനുള്ളിൽ ട്രംപിനെ കൊല്ലാനുള്ള പദ്ധതി തയാറാക്കാൻ ഷാക്കേരിയോട് ഇറാനിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ ഏഴു ദിവസത്തെ സമയപരിധിക്കുള്ളിൽ ട്രംപിനെ കൊല്ലാനുള്ള ഒരു പദ്ധതി താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഷാക്കേരി നിയമപാലകരോട് പറഞ്ഞു. അതിനാൽ ഇറാനിയൻ റവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥർ പദ്ധതി താൽക്കാലികമായി നിർത്തി. തിരഞ്ഞെടുപ്പിനു ശേഷം ട്രംപിനെ വധിക്കാൻ ശ്രമിക്കുന്നത് എളുപ്പമാകുമെന്ന് ഇറാൻ സർക്കാർ ഷാക്കേരിയോട് പറഞ്ഞു. കാരണം അദ്ദേഹം തോൽക്കുമെന്ന് അവർ വിശ്വസിച്ചിരുന്നതായും പ്രോസിക്യൂട്ടർമാർ പറയുന്നു. കുട്ടിയായിരിക്കുമ്പോൾ യുഎസിൽ എത്തിയ അഫ്ഗാൻ പൗരനെന്നാണ് പ്രോസിക്യൂട്ടർമാർ ഷാക്കേരിയെ വിശേഷിപ്പിച്ചത്. കവർച്ച കേസിൽ 14 വർഷം ജയിലിൽ കിടന്നതിനു ശേഷം 2008ൽ നാടുകടത്തപ്പെട്ടു.
ഇറാന്റെ കടുത്ത വിമർശകനായ ഒരു അമേരിക്കൻ പത്രപ്രവർത്തകനെ കൊല്ലാൻ റിക്രൂട്ട് ചെയ്തതായി ആരോപിക്കപ്പെടുന്ന മറ്റ് രണ്ട് പേർക്കെതിരെയും നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ വിചാരണയ്ക്കായി കസ്റ്റഡിയിലെടുത്തു. ഇറാനിയൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളെയും അഴിമതിയെയും കുറിച്ച് റിപ്പോർട്ട് ചെയ്ത അമേരിക്കൻ പത്രപ്രവർത്തകനെ കൊലപ്പെടുത്താൻ റിവേര, ലോഡ്‌ഹോൾട്ട് എന്നിവർക്കു 100,000 ഡോളറാണ് ഷാക്കേരി വാഗ്ദാനം ചെയ്തത്. പേരു വെളിപ്പെടുത്താത്ത മാധ്യമപ്രവർത്തകനെ മുൻപും ഇറാൻ ലക്ഷ്യമിട്ടിരുന്നതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു