വാഷിങ്ടൻ : സ്ഥാനാർഥികളുടെ ജനപിന്തുണ മാറി മറിയുന്നു; നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമെന്ന് ഏറ്റവും പുതിയ സർവേ ഫലം. ന്യൂയോർക്ക് ടൈംസ് – സിയെന കോളജ് അവസാന ഘട്ട ദേശീയ സർവേ ഫലത്തിലാണ് കമലയും ട്രംപും ഒരുപോലെ 48% പിന്തുണ നേടി ഒപ്പത്തിനൊപ്പമുള്ളത്.
ഹിസ്പാനിക് വിഭാഗക്കാരായ വോട്ടർമാർക്കിടയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനു പിന്തുണ വർധിച്ചതായാണ് പുതിയ റോയിട്ടേഴ്സ്– ഇപ്സോസ് സർവേഫലം. ഈ വിഭാഗക്കാർക്കിടയിൽ ഡെമോക്രാറ്റ് സ്ഥാനാർഥി കമലയ്ക്കുണ്ടായിരുന്ന മുൻതൂക്കം കുറഞ്ഞു; ട്രംപ് ഇപ്പോൾ വെറും 2 പോയിന്റിനു മാത്രമാണു പിന്നിൽ (46%–44%).
കറുത്തവർഗക്കാർക്കിടയിലും ട്രംപിനു പിന്തുണയേറി. എന്നാൽ, വെള്ളക്കാരായ വനിതാ വോട്ടർമാർക്കിടയിൽ കമലയ്ക്കു തന്നെയാണു മുൻതൂക്കം. മുൻ പ്രസിഡന്റ് ബറാക് ഒബാമ കമലയ്ക്കുവേണ്ടി പ്രചാരണത്തിൽ സജീവമായി.
ഇതിനിടെ, അരിസോനയിലെ ഫീനിക്സിൽ തപാൽ ബാലറ്റുകൾ നിക്ഷേപിക്കാനുള്ള പെട്ടി തീവച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം ബാലറ്റുകൾ കത്തിനശിച്ചതായാണു വിവരം. തിരഞ്ഞെടുപ്പു വിജയിയെ തീരുമാനിക്കുന്ന കാര്യത്തിൽ നിർണായക സംസ്ഥാനങ്ങളിലൊന്നാണ് അരിസോന.