
അബുദാബി: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്ക് വേദിയാകുന്നത് ദുബായിയാണ്. ഫെബ്രുവരി 23നാണ് മത്സരം നടക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടമായാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെ മത്സരം നേരിട്ട് വീക്ഷിക്കാൻ ഇരുരാജ്യങ്ങളിലേയും ആരാധകർ യുഎഇയിലേക്ക് പോകാനുള്ള പുറപ്പാടിലാണ്.
ഇത് മുന്നിൽക്കണ്ട് രാജ്യത്തെ വിമാന, ഹോട്ടൽ ബുക്കിംഗുകളിൽ എല്ലാം വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, എന്നീ രാജ്യങ്ങളുടെ ആരാധകർ കൂടാതെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ക്രിക്കറ്റ് പ്രേമികളും യുഎഇയിലേക്ക് എത്തും. ഇതോടെ ബുക്കിംഗുകളിൽ കുത്തനെയുള്ള വർധനവ് ഉണ്ടാകും എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.
യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതിനാൽ, എയർലൈനുകൾ അധിക ഫ്‌ലൈറ്റുകൾ അവതരിപ്പിക്കുകയോ വലിയ വിമാനങ്ങൾ വിന്യസിക്കുകയോ ചെയ്‌തേക്കാം. ട്രാവൽ ഏജൻസികൾ വിവിധ തരത്തിലുള്ള പാക്കേജുകളും അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. മുൻ ടൂർണമെന്റുകളിൽ ഇന്ത്യദുബായ് ട്രാവൽ പാക്കേജുകൾക്ക് ഫോർ സ്റ്റാർ ഹോട്ടൽ താമസം ഉൾപ്പെടെ ഏകദേശം 2,500 ഡോളർ (ദിർഹം 9,175) ആയിരുന്നു വില. ഇത്തവണയും ഇതിന് സമാനമായ ട്രെൻഡുകൾ പ്രതീക്ഷിക്കുന്നു.