പി പി ചെറിയാൻ
റ്റാംപ(ഫ്ലോറിഡ): ബുധനാഴ്ച ഹിൽസ്ബറോ കൗണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ഈ ആഴ്ച ആദ്യം കാണാതായ സിൽവിയ പാഗന്റെ (34) ആയിരിക്കുമെന്ന് റ്റാംപ പൊലീസ് സംശയിക്കുന്നു. സിൽവിയയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നയാളെ മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സിൽവിയ പാഗനെ ഞായറാഴ്ച രാവിലെ ഫ്ലോറിഡയിലെ റ്റാംപയിലാണ് അവസാനമായി ജീവനോടെ കണ്ടത്. മൃതദേഹം എവിടെനിന്ന് കണ്ടെത്തിയെന്നോ മരണകാരണത്തെക്കുറിച്ചുള്ള വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. പാഗന്റെ ശരീരമെന്നു കരുതപ്പെടുന്ന മൃതദേഹം റോഡരികിലെ കുഴിയിൽ നിന്ന് തിരച്ചിൽ നടത്തിയവർ കണ്ടെത്തിയെന്നാണ് റിപ്പോർട്ട് .ശരീരത്തിലെ വസ്ത്രങ്ങളും ഷൂകളും പാഗന്റെ കുടുംബം നൽകിയ വിവരങ്ങളുമായി പൊരുത്തപ്പെട്ടു. മെഡിക്കൽ എക്സാമിനറുടെ ഓഫിസ് നടത്തുന്ന ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക സ്ഥിരീകരണം.