വാഷിംഗ്ടൺ: ഫോമ കൺവൻഷനിൽ വേറിട്ട സംഗീത വിരുന്നൊരുക്കി ഫാദർ ഡോ. പോൾ പൂവത്തിങ്കൽ. ക്ലാസിക്കൽ ഇന്ത്യൻ സംഗീതവും ആത്മീയതയും കോർത്തിണക്കിയ സംഗീത വിരുന്ന് ആസ്വാദകർക്ക് പുത്തൻ അനുഭവമായി. “പാടുന്ന പാതിരി” വിശേഷണത്തോടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്കിടയിൽ ശ്രദ്ധേയനാണ് ഫാദർ. ഡോ. പോൾ പൂവത്തിങ്കൽ. കെ. ജെ. യേശുദാസിൻ്റെ ശിഷ്യനായ ഇദ്ദേഹം സംഗീതത്തിലൂടെ ആത്മീയതയെയും മാനസിക ഉണർവിനെയും സമ്മാനിക്കുകയാണ്. ഫോമ ക്യാപിറ്റൽ റീജിയൻ വൈസ് പ്രസിഡന്റ് ഡോ മധു നമ്പ്യാർ ഫാദർ ഡോ. പോൾ പൂവത്തിങ്കലിന് പുണ്ടക്കാന ഡൊമനിക്ക് റിപ്പബ്ലിക്കിൽ സഹായങ്ങൾ ഒരുക്കിയിരുന്നു .
മുൻപും ഫോമ വേദികളിലെ സജീവ സാന്നിധ്യമാണ്. ഫാദർ ഡോ. പോൾ പൂവത്തിങ്കലിൻ്റെ നേതൃത്വത്തിൽ ഫോമയുടെ ഒൻപത് റീജിയണുകൾ ചേർന്ന് സംഘടിപ്പിച്ച മ്യൂസിക്കൽ ഹീലിംഗ് പ്രോഗ്രാം വൻ വിജയമായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇൻ്റർനാഷണൽ കൺവൻഷൻ വേദിയിൽ ഫോമ എക്സിക്യൂട്ടീവ് ഇദ്ദേഹത്തിന് അവസരമൊരുക്കിയത്.
വേറിട്ട ശബ്ദവും ആലാപന മികവും ഫാദർ ഡോ. പോൾ പൂവത്തിങ്കലിൻ്റെ സവിശേഷതയാണ്. സംഗീതമാണ് ലോകത്തിലെ ഏറ്റവും നല്ല ഔഷധമെന്ന് അദ്ദേഹം പറഞ്ഞു. സംഗീതത്തിൻ്റെ ശക്തി നമ്മുടെ ഇന്ദ്രീയങ്ങളെ തൊട്ടുണർത്തുമെന്നും നാദയോഗത്തിൻ്റെയും പ്രാണായാമത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ചും വിവരിച്ചു. ഫോമ ബിസിനസ് ഫോറം അംഗം കൂടിയായ ഫാദർ ഡോ. പോൾ പൂവത്തിങ്കൽ തൃശൂർ ചേതന നാഷണൽ ഇൻസ്റ്റിൻ്റ്യൂട്ട് ഓഫ് വോക്കോളജി നടത്തി വരികയാണ്.