ഫലപ്രദമായ ആശയവിനിമയത്തിലൂടെ പുത്തന്‍ ആശയങ്ങള്‍ പങ്കുവച്ചും സ്വീകരിച്ചും ഫോമയെ നവീകരിക്കുമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. മധു നമ്പ്യാര്‍ പറഞ്ഞു. ഗ്രേറ്റ് ലേക്ക് റീജിയന്‍ കണ്‍വന്‍ഷനില്‍ നടന്ന മീറ്റ് ദ ക്യാന്‍ഡിഡേറ്റ് പ്രോഗ്രാമില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിലനില്‍ക്കുന്നൊരു പ്രശ്‌നം പരിഹരിക്കാന്‍ മാന്ത്രികദണ്ഡ് ലഭിക്കുകയാണെങ്കില്‍ അതെങ്ങനെ ഉപയോഗിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
ആശയവിനിമയത്തിലൂടെയാണ് എല്ലാ മേഖലകളിലും നവീകരണം സാധ്യമാക്കുന്നതെന്ന് ഡോ. മധു നമ്പ്യാര്‍ പറഞ്ഞു. തിരക്കേറിയ ജീവിതത്തില്‍ ആര്‍ക്കും ആരേയും കേള്‍ക്കാനുള്ള സമയമില്ല. നല്ല കേള്‍വിക്കാരനാവുക എന്നത് നല്ലൊരു സംഘാടനകന്റെ മികവാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. നല്ല കേള്‍വിക്കാരനായിരുന്നാല്‍ മാത്രമേ നല്ല സംഘാടകനില്‍ പുത്തന്‍ ആശയങ്ങള്‍ ജനിക്കുകയുള്ളു. ഫോമയുടെ വളര്‍ച്ചയ്ക്കായി നല്ലൊരു കേള്‍വിക്കാരനായി ഞാന്‍ നിലകൊള്ളും. എന്റെ അനുഭവപരിജ്ഞാനത്തില്‍ നിന്നുള്ള ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് കൃത്യമായി പകരുന്നതിനും ശ്രമിച്ചുകൊണ്ടിരിക്കും. എല്ലാവരും പ്രതികരിക്കുന്ന ലോകമാണ് ഏറ്റവും മനോഹരമായത്. നിശബ്ദത പകരുന്ന മൗനം അപകടകരമാണ്. ഫോമയിലൂടെ മനുഷ്യനെ നവീകരിക്കാനുള്ള എന്റെ ശ്രമങ്ങളില്‍ ഏറ്റവും പ്രധാനം ഇത്തരം ആശയവിനിമയത്തിന് പ്രാധാന്യം നല്‍കുക എന്നതിനു തന്നെയാണ്.
എല്ലാ വെല്ലുവിളികളേയും അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തുറന്ന ചര്‍ച്ചകളും കൃത്യമായ ആശയവിനിമയങ്ങളുമാണ്. ഫോമയിലെ അംഗങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഇത്തരത്തില്‍ നമുക്ക് പരിഹരിക്കേണ്ടതായുണ്ട്. നവമാധ്യമങ്ങളുടെ കാലത്ത് ആശയസംവേദനത്തിന് നിരവധി മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അതിനെയെല്ലാം കൃത്യമായി നമുക്ക് വിനിയോഗിക്കണം. യുവജനങ്ങള്‍, സ്ത്രീകള്‍ എന്നിങ്ങനെ എല്ലാ വിഭാഗം ആളുകളുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും പങ്കിടുന്നതിനായുമുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നമുക്ക് കൂടുതല്‍ സജീവമാക്കണം.
ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണ്. അത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ന്യൂസ് ലെറ്ററുകള്‍, മാഗസിനുകള്‍ എന്നിവ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും. മാതൃഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കുന്നതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതുപോലും ആശയവിനിമയത്തിന്റെ അനന്തസാധ്യതകളെ തുറന്നുകാട്ടുന്നതിനാണെന്നും ഡോ. മധു നമ്പ്യാര്‍ പറഞ്ഞു.