ന്യൂയോര്‍ക്ക് : ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) എട്ടാമത് രാജ്യാന്തര കണ്‍വന്‍ഷന്‍ തീയതിയും വേദിയും പ്രഖ്യാപിച്ചു. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അതിവിപുലമായ രീതിയില്‍, ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് ഓൾ ഇൻക്ലൂസീവ് ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിൽ വെച്ച് ഇങ്ങനെയൊരു കണ്‍വന്‍ഷന്‍ നടത്തുന്നത്.
2024 ഓഗസ്റ്റ് എട്ടു മുതൽ പതിനൊന്നു വരെയാണ് കണ്‍വന്‍ഷന്‍. രണ്ടു മുതിർന്നവരും രണ്ടു കുട്ടികളും (ആറ് വയസ്സിൽ താഴെയുള്ള) ഉള്‍പ്പടെയുള്ള ഒരു കുടുംബത്തിന് എല്ലാ ഭക്ഷണവും, താമസവും, പ്രോഗ്രാമുകളും, എയർപോർട്ട് ട്രാൻസ്പോർട്ടേഷനും അടക്കം ആയിരത്തി ഇരുന്നൂറ്റി നാൽപ്പത്തിയഞ്ചു ഡോളർ ($1245) മാത്രമാണ് ചെലവ് വരിക. കൂടുതൽ ദിവസങ്ങൾ താമസിക്കേണ്ടവർക്ക് കൺവെൻഷനു മൂന്ന് ദിവസം വരെ മുൻപും ശേഷവും അതേ നിരക്കിൽ തന്നെ റൂമുകൾ ഫോമ ലഭ്യമാക്കും. കുറച്ചു കൂടുതൽ തുകയ്ക്ക് പൂർണമായും കടലിനെ അഭിമുഖീകരിക്കുന്ന 2 മുറികൾ അടങ്ങുന്ന പ്രീമിയം ഫാമിലി സ്യൂട്ടും ഫോമ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ പകുതി സ്പോൺസർമാർക്കായി നീക്കി വച്ചിരിക്കുന്നു. വിശദവിവരങ്ങൾ അടുത്ത് തന്നെ ഫോമ വെബ്സൈറ്റിൽ ലഭ്യമാക്കും. കൺവന്‍ഷന്‍ റജിസ്ട്രേഷന്‍ ജനുവരി അവസാന വാരത്തോടെ ആരംഭിക്കുന്നതായിരിക്കും.
കടലിനെ പ്രകൃതിദത്ത നീന്തൽക്കുളമാക്കി മാറ്റുന്ന ഒരു പവിഴപ്പുറ്റിനാൽ സംരക്ഷിക്കപ്പെടുന്ന പുന്റാ കാനയിലെ ഏറ്റവും മികച്ച, പഞ്ചസാര മണലുള്ള കടൽത്തീരത്താണ് സ്പാനിഷ് ഉടമസ്ഥതയിലുള്ള ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, മെക്സിക്കൻ, ജാപ്പനീസ് തുടങ്ങിയ പതിനൊന്ന് മികച്ച റസ്റ്റോറന്റുകള്‍, കാസിനോ, ഷോപ്പിംഗ്, സ്പാ, ജിം, തിയേറ്റർ, ഫുട്ബോൾ/വോളീബോൾ കോർട്ടുകൾ, എല്ലാ മുറികളിലും ബാൽക്കണി, ഹൈഡ്രോതെറാപ്പി, കടൽ കാഴ്ചകൾ (മുൻവശത്തോ ഭാഗികമായോ). ഡോൾഫിൻ സഫാരി, സ്‌നോർക്കലിങ്, ബോട്ടിങ്, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് യാത്രകൾ ഇവയും കൺവന്‍ഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
കുഞ്ഞ് മാലിയിൽ (തോമസ് സാമുവേൽ) കൺവെൻഷൻ ചെയർ
ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു കൺവന്‍ഷനു വേണ്ടി അരങ്ങൊരുക്കുവാൻ എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റിയുടെ പൂർണ അംഗീകാരത്തോടെ കൺവന്‍ഷന്‍ ചെയർ ആയി തിരഞ്ഞെടുത്തിരിക്കുന്നത് കുഞ്ഞ് മാലിയിൽ (തോമസ് സാമുവേൽ) എന്ന പരിചയസമ്പന്നനായ, സംഘാടകനെയാണ്. കേരളത്തില്‍ തലവടി സ്വദേശിയായ കുഞ്ഞ് മാലിയിൽ കഴിഞ്ഞ 40 വര്‍ഷമായി ന്യൂയോര്‍ക്കില്‍ ലോങ് ഐലൻഡില്‍ താമസിക്കുന്നു. കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പ്രസിഡന്റ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ, ഫോമാ മെട്രോ റീജൻ വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം മികച്ച സംരംഭകനും യു ഡി എഫിനെ പ്രതിനിധീകരിച്ച് സംവാദങ്ങളിൽ നിറസാന്നിധ്യവുമാണ്. മാർത്തോമ്മാ സഭാ മണ്ഡലം മെമ്പറും, വൈസ്‌മെൻ ഇന്റർനാഷനൽ ലോങ് ഐലൻഡ് ക്ലബ്ബിന്റെ പ്രസിഡന്റും കൂടിയാണ്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോമ കണ്‍വന്‍ഷന്‍ ജനപങ്കാളിത്തം കൊണ്ടും, വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ഏറ്റവും മികച്ചതാക്കുവാൻ ഫോമ എക്സിക്യൂട്ടീവിനോടും, ഫോമയുടെ എല്ലാ അഭ്യുദയകാംക്ഷികളോടും ചേർന്ന് പ്രവർത്തിക്കുമെന്ന് കുഞ്ഞ് മാലിയിൽ ഉറപ്പ് നൽകി.
അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഈ കുടുംബ സംഗമത്തിലേക്ക്, ഫോമാ “DR” കൺവന്‍ഷന്‍ 24-ലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, കൺവന്‍ഷന്‍ ചെയർമാൻ കുഞ്ഞ് മാലിയിൽ എന്നിവര്‍ അറിയിച്ചു.