അമേരിക്കൻ സ്പ്രിന്റർ ടോറി ബോവി(32) അന്തരിച്ചു. മുൻ 100 മീറ്റർ ലോക ചാമ്പ്യനും, 3 തവണ ഒളിമ്പിക് മെഡൽ ജേതാവുമായിരുന്നു. ബോവിയെ ഫ്ലോറിഡയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം പുറത്തുവിട്ടിട്ടില്ല. താരത്തിന്റെ നിര്യാണത്തിൽ ഒളിമ്പിക്, അത്ലറ്റിക് അസോസിയേഷനുകളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.
ടോറി ജനിച്ചതും വളർന്നതും മിസിസിപ്പിയിലാണ്. കുട്ടിക്കാലത്ത് ബാസ്കറ്റ്ബോളിനെ സ്നേഹിച്ചിരുന്ന ടോറി ട്രാക്ക് ഇവന്റുകളിലേക്ക് തിരിഞ്ഞു. 2013 ൽ, ബോവി പ്രൊഫഷണൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇവന്റുകളിൽ മത്സരിക്കാൻ തുടങ്ങി. കൂടാതെ, അഡിഡാസ് ഗ്രാൻഡ് പ്രിക്സിലും ഹെർക്കുലീസ് മീറ്റിലും ലോംഗ് ജമ്പിൽ ബോവി IAAF ഡയമണ്ട് ലീഗിൽ അരങ്ങേറ്റം കുറിച്ചു.
2016ലെ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ വെള്ളിയും 200 മീറ്ററിൽ വെങ്കലവും 4×100 മീറ്റർ റിലേയിൽ സ്വർണവും നേടി. പിറ്റേ വർഷം ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ വേഗമേറിയ ഓട്ടക്കാരിയായി. 2015ലെ ലോക ചാമ്പ്യൻഷിപ് 100 മീറ്റർ വെങ്കലമാണ് ആദ്യത്തെ പ്രധാന അന്താരാഷ്ട്ര മെഡൽ. 2019 ൽ ലോങ്ങ് ജംപിൽ തിരിച്ചു പോയി ഒരു ശ്രമവും താരം നടത്തിയിരുന്നു. എന്നാൽ 2022 ഒളിമ്പിക്സ് യോഗ്യതയിൽ ഒന്നും താരം മത്സരിച്ചില്ല. 100 മീറ്ററിൽ 10.78 സെക്കന്റ്, 200 മീറ്ററിൽ 21.77 സെക്കന്റ്, 60 മീറ്ററിൽ 7.14 സെക്കന്റ് എന്നിവയാണ് താരത്തിന്റെ മികച്ച സമയങ്ങൾ.