ഗസ്സ സിറ്റി: സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കി ഗസ്സയിൽ അനിശ്ചിതകാലത്തേക്ക് കൂടി യുദ്ധം തുടരുന്നതിന് എതിർപ്പില്ലെന്ന് ഇസ്രായേലിനോട് അമേരിക്ക. എന്നാൽ ആവശ്യമുള്ള സമയത്തിനപ്പുറം യുദ്ധം ദീർഘിപ്പിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ബന്ദികളുടെ മോചനവും ഗസ്സയിൽ കൂടുതൽ സഹായം എത്തിക്കാനും ലക്ഷ്യമിട്ടുള്ള താൽക്കാലിക വെടിനിർത്തലിനായി ശ്രമം തുടരും. സമഗ്ര വെടിനിർത്തലിന് തയാറാകാതെ ചർച്ചക്കില്ലെന്ന നിലപാടിലാണ് ഹമാസുള്ളത്. ഗൾഫിൽ കപ്പലുകളുടെയും സേനയുടെയും സുരക്ഷക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പെന്റഗൺ അറിയിച്ചു.
യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍റെ സാന്നിധ്യത്തിൽ ചേർന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ലോകരാജ്യങ്ങളുടെ വെടിനിർത്തൽ നിർദേശം തള്ളി. ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ഹമാസിനെ തുരത്തേണ്ടതിന്‍റെ ആവശ്യകത നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാൻറസും ജെയ്ക് സള്ളിവനെ ധരിപ്പിച്ചു. സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കി വേണം യുദ്ധമെന്ന ബൈഡന്‍റെ സന്ദേശം ഇസ്രായേലിന് കൈമാറിയെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
യുദ്ധം എത്രവരെ വേണം എന്നത് ഇസ്രായേലാണ് തീരുമാനിക്കേണ്ടതെന്നും ആവശ്യത്തിൽ കൂടുതൽ ഒരു ദിവസം പോലും യുദ്ധം ദീർഘിക്കരുതെന്നും യു.എസ് സ്റ്റേറ്റ് വകുപ്പും അറിയിച്ചു. ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ഇസ്രായേലിനെ ബോധ്യപ്പെടുത്തിയതായും യു.എസ് സ്റ്റേറ്റ് വകുപ്പ് വ്യക്തമാക്കി.