ന്യൂഡൽഹി : അദാനി ഗ്രൂപ്പ് പ്രശ്നത്തിൽ പാർലമെന്റിലും വിദേശനിക്ഷേപകരിൽനിന്നുമുയരുന്ന ചോദ്യങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയേണ്ടിവരുമെന്ന് യുഎസ് ശതകോടീശ്വരൻ ജോർജ് സോറസ് പറഞ്ഞു. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ വ്യാഴാഴ്ച സോറസ് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തുവന്നു.
അദാനി വിവാദം നരേന്ദ്രമോദി സർക്കാരിനെ ദുർബലപ്പെടുത്തുമെന്നും സോറസ് പറഞ്ഞു. ‘മോദിയും അദാനിയും അടുത്ത പങ്കാളികളാണ്; അവരുടെ ഭാഗധേയം ഇഴചേർന്നതാണ്. ഓഹരിവിപണിയിൽ അദാനി ക്രമക്കേട് കാട്ടിയതായി ആരോപണമുണ്ട്. അദ്ദേഹത്തിന്റെ ഓഹരികൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ഈ വിഷയത്തിൽ മോദി നിശ്ശബ്ദനാണ്; പക്ഷേ, വിദേശനിക്ഷേപകരിൽനിന്നും പാർലമെന്റിൽനിന്നുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയേണ്ടിവരും’.
‘ഈ വിവാദം മോദി സർക്കാരിനെ ദുർബലപ്പെടുത്തുകയും അനിവാര്യമായ ഭരണസ്ഥാപന നവീകരണത്തിന്റെ വാതിലുകൾ തുറക്കുകയും ചെയ്യും. ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനം ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.’
തൊണ്ണൂറ്റിരണ്ടുകാരനായ ഓഹരി നിക്ഷേപകൻ സോറസിന്റെ 42 മിനിറ്റ് നീണ്ട പ്രസംഗത്തിൽ അടഞ്ഞ സമൂഹത്തെയും തുറന്ന സമൂഹത്തെയും സംബന്ധിച്ചു പറയവേയാണു ഇന്ത്യ കടന്നു കടന്നുവന്നത്. ‘ഇന്ത്യ ഒരു ജനാധിപത്യമാണ്. പക്ഷേ, അതിന്റെ നേതാവ് നരേന്ദ്രമോദി ജനാധിപത്യവാദിയല്ല’– സോറസ് പറഞ്ഞു.