Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗ്ലോബല്‍ ഇന്ത്യന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഗ്ലോബല്‍ ഇന്ത്യന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍: രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ മലയാളി സമൂഹത്തിനിടയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മാധ്യമപ്രവര്‍ത്തകരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഡിജിറ്റല്‍ കമ്മ്യൂണിക്കേറ്റര്‍ ഓഫ് ദി ഇയര്‍ ശ്രീ ശ്രീനിവാസന്‍, ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ ശേഷാദ്രികുമാര്‍, സോഷ്യല്‍ മീഡിയ സ്റ്റാര്‍ ഓഫ് ദി ഇയര്‍ ഷിജോ പൗലോസ്, പ്രസ്സ്മാന്‍ ഓഫ് ദ ഇയര്‍ പി. പി. ചെറിയാന്‍, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ജീമോന്‍ റാന്നി, മീഡിയ മാക്സിമസ് ദീപിക മുത്യാല, സെന്‍സേഷ്യനല്‍ ഫിലിംമേക്കര്‍ ഓഫ് ദ ഇയര്‍ റോമിയോ കാട്ടൂര്‍ക്കാരന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ഡിജിറ്റില്‍ വിപ്ലവത്തിന്റെ പുത്തന്‍കാലത്തെ അടുത്തറിഞ്ഞ ശ്രീ ശ്രീനിവാസന് ഇന്‍ഡോ അമേരിക്കന്‍ ഡിജിറ്റല്‍ കമ്യൂണിക്കേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇവന്റുകള്‍, ഡിജിറ്റല്‍ പ്രോഗ്രാമുകള്‍, ഡിജിറ്റല്‍ മേഖലയുമായി ബന്ധപ്പെട്ട പരിശീലന ക്ലാസുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഇദ്ദേഹം. ശ്രീ ശ്രീനിവാസന്‍ മേധാവിയായുള്ള ഡിജിമെന്റേഴ്‌സ് എന്ന സ്ഥാപനം ഇന്ന് ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമാണ്.

ഇന്‍ഡോ അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ക്കിടയിലെ സവിശേഷ വ്യക്തിത്വമായ ശേഷാദ്രികുമാറിനെ ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ഫോര്‍ട്ട് ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ്, ഇന്ത്യ ഹെറാള്‍ഡ് എന്നീ പ്രതിവാര കമ്മ്യൂണിറ്റി പത്രങ്ങളുടെ പ്രസാധകനും എഡിറ്ററുമാണ് ശേഷാദ്രി കുമാര്‍.

നവമാധ്യമങ്ങളിലൂടെയും ഏഷ്യാനെറ്റ് യുഎസ്എ ചാനലിലൂടെയും ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകന്‍ ഷിജോ പൗലോസിനെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും വിശേഷങ്ങളും അതിവേഗത്തില്‍ മറ്റുള്ളവരിലേക്കും തല്‍സമയം എത്തിച്ചാണ് ഷിജോ പൗലോസ് ശ്രദ്ധേയനായി തീര്‍ന്നത്.

പഴമയുടെ നേരും തിളക്കവുമുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. പി. ചെറിയാന് പ്രസ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. കേരളത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ആദരണീയനായ വ്യക്തിത്വമാണ് പി. പി. ചെറിയാന്‍.

അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വാര്‍ത്താ ശബ്ദമായി മാറിയ ജീമോന്‍ റാന്നിക്ക് ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് പുരസ്‌കാരം സമ്മാനിക്കും. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായ ജീമോന്‍ റാന്നി എക്കാലവും വാര്‍ത്തകള്‍ക്കൊപ്പം കൈപിടിച്ചു നടന്നു.

വേറിട്ട പ്രകടനത്തിലൂടെ ആഗോളതലത്തില്‍ ശ്രദ്ധേയയായ വൈറല്‍താരം ദീപിക മുത്യാലയ്ക്ക് മീഡിയ മാക്‌സിമസ് ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ബിസിനസുകാരിയും സൗന്ദര്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള മള്‍ട്ടി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയായ ലൈവ് ടിന്റഡിന്റെ സ്ഥാപകയും സിഇഒയുമാണ്.

നല്ല സിനിമകളുടെ വിരുന്നൊരുക്കിയ സംവിധായകന്‍ റോമിയോ കാട്ടൂക്കാരന് സെന്‍സേഷ്യനല്‍ ഫിലിം മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ആഗോളതലത്തില്‍ ശ്രദ്ധേയമായ നിരവധി ചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളുമൊരുക്കിയിട്ടുണ്ട് ഈ കലാകാരന്‍.

ലോകമലയാളികളുടെ വാര്‍ത്താ ശബ്ദമായി മാറിയ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവാര്‍ഡ് നൈറ്റും കള്‍ച്ചറല്‍ ഫെസ്റ്റും മെയ് ഏഴിന് നടക്കും. വൈകിട്ട് അഞ്ചിന് ഹൂസ്റ്റണ്‍ ക്നാനായ കമ്മ്യൂണിറ്റി സെന്റര്‍ 2210 സ്റ്റാഫോര്‍ഡ്ഷൈര്‍ റോഡ്, മിസൂറി സിറ്റിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ‘നാട്ടു നാട്ടു’ എന്നു പേരിട്ടിരിക്കുന്ന മഹാസംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച മലയാളി പ്രതിഭകള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സമ്മാനിക്കും.

രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും ഈ സംഗമത്തില്‍ പങ്കെടുക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഗമമായി ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ്‌നൈറ്റ് മാറ്റാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് ഒരുങ്ങുന്നത്.

18 വ്യത്യസ്ത ഭാഷകളില്‍ പാടുന്ന സോളോ പെര്‍ഫോമര്‍ ചാള്‍സ് ആന്റണിയാണ് മുഖ്യ ആകര്‍ഷണം. ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയന്‍, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ ഭാഷാ ഗാനങ്ങളാണ് ചാള്‍സിന്റെ സോളോ പെര്‍ഫോമന്‍സില്‍ നിറയുന്നത്.

വ്യത്യസ്തമായ നൃത്ത ഇനങ്ങളുമായി സുന്ദരിമാര്‍ വേദി കീഴടക്കും. ഫ്യൂഷന്‍ സംഗീതത്തോടൊപ്പം പ്രിയപ്പെട്ട ഗാനങ്ങളുമായി ഗായകരും വേദിയിലെത്തും. പിന്നണി ഗായിക കാര്‍ത്തിക ഷാജി സംഗീത വിരുന്നൊരുക്കും. പുത്തന്‍ സൗന്ദര്യ സ്വപ്നങ്ങളുടെ മായിക ലോകം പകര്‍ന്ന് ഫാഷന്‍ ഷോ, നാട്ടുമേളത്തിന്റെ പെരുമയുമായി ചെണ്ടമേളം തുടങ്ങിയ പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. നാടന്‍ രുചികളുമായി ലൈവ് തട്ടുകട ഒരുങ്ങും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com