ഹൂസ്റ്റണ്‍: ആഘോഷത്തിന്റെ പുത്തന്രാവിന് ഒരുക്കമായി. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായി മാറി ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്കാരദാന ചടങ്ങുകള്‍ ആരംഭിച്ചു. ‘നാട്ടു നാട്ടു’ എന്നു പേരിട്ടിരിക്കുന്ന ഉത്സവ മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കുന്നുണ്ട്. വിശിഷ്ഠാതിഥികള്‍, പുരസ്കാരജേതാക്കള്‍, ആസ്വാദകര്‍ തുടങ്ങി വലിയൊരുവിഭാഗം ജനങ്ങള്‍ ക്നാനായ കമ്യൂണിറ്റി സെന്ററിലേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുകയാണ്.
മഹാസംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച മലയാളി പ്രതിഭകള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്കാരം സമ്മാനിക്കും. ലോക മലയാളി പ്രതിഭകള്‍ക്ക് സമ്മാനിക്കുന്ന ഏറ്റവും വലിയ പുരസ്കാരദാന ചടങ്ങിനാണ് ഹൂസ്റ്റണ്‍ ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.
പുരസ്കാരദാന ചടങ്ങിനെ അടിപൊളിയാക്കാന്‍ വന്കലാവിരുന്നാണ് ഒരുങ്ങുന്നത്. 18 വ്യത്യസ്ത ഭാഷകളില്‍ പാടുന്ന സോളോ പെര്‍ഫോമര്‍ ചാള്‍സ് ആന്റണിയാണ് മുഖ്യ ആകര്‍ഷണം. വ്യത്യസ്തമായ നൃത്ത ഇനങ്ങളുമായി സുന്ദരിമാര്‍ വേദി കീഴടക്കും. ഫ്യൂഷന്‍ സംഗീതത്തോടൊപ്പം പ്രിയപ്പെട്ട ഗാനങ്ങളുമായി ഗായകരും വേദിയിലെത്തും. പിന്നണി ഗായിക കാര്‍ത്തിക ഷാജി സംഗീത വിരുന്നൊരുക്കും. പുത്തന്‍ സൗന്ദര്യ സ്വപ്നങ്ങളുടെ മായിക ലോകം പകര്‍ന്ന് ഫാഷന്‍ ഷോ, നാട്ടുമേളത്തിന്റെ പെരുമയുമായി ചെണ്ടമേളം തുടങ്ങിയ പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. നാടന്‍ രുചികളുമായി ലൈവ് തട്ടുകടയും ഭക്ഷണപ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.