Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരം 2023: മികച്ച മലയാളി സംഘടന ഫൊക്കാന, മികച്ച പരിസ്ഥിതി സംരക്ഷണ...

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരം 2023: മികച്ച മലയാളി സംഘടന ഫൊക്കാന, മികച്ച പരിസ്ഥിതി സംരക്ഷണ സംഘടന വേള്‍ഡ് മലയാളി കൗണ്‍സില്‍, നഴ്‌സസ് അസോസിയേഷനായി ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍, മികച്ച ഇന്‍ഡോ അമേരിക്കന്‍ സ്ഥാപനമായി ടോമാര്‍ കണ്‍സ്ട്രക്ഷന്‍

ഹൂസ്റ്റണ്‍: രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച മലയാളി സംഘടനയായി ഫൊക്കാനയും മികച്ച പരിസ്ഥിതി സംരക്ഷണ സംഘടനമായി വേള്‍ഡ് മലയാളി കൗണ്‍സിലും മികച്ച നഴ്സസ് അസോസിയേഷനായി ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണും മികച്ച ഇന്‍ഡോ അമേരിക്കന്‍ സ്ഥാപനമായി ടോമാര്‍ കണ്‍സ്ട്രക്ഷനും തിരഞ്ഞെടുത്തു.

മികച്ച മലയാളി സംഘടന: ഫൊക്കാന

അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെ അടയാളം. ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയ്ക്കിത് (ഫൊക്കാന) അഭിമാന നിമിഷം. ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം 2023ല്‍ മികച്ച മലയാളി സംഘടനയ്ക്കുള്ള അംഗീകാരം ഫൊക്കാനയ്ക്ക്. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നടത്തി വന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം. അമേരിക്കന്‍ മലയാളികളുടെ സ്പന്ദനമായി മാറിയ ഫൊക്കാന എല്ലാ മേഖലകളിലും സജീവസാന്നിധ്യമായി നിലകൊണ്ടു. മലയാളികള്‍ക്കൊപ്പം കൈകോര്‍ത്ത്, ഹൃദയത്തോടു സംവാദിച്ച ഫൊക്കാനയുടെ ചരിത്രം അമേരിക്കന്‍ മലയാളികളുടെ കുടിയേറ്റത്തിന്റേതു കൂടിയാണ്.

അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിലൂടെ ജന്മനാടിന്റെ കൂട്ടായ്മയും വളര്‍ച്ചയുമാണ് ഫൊക്കാന എല്ലാ കാലത്തും ലക്ഷ്യംവച്ചത്. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിന് അമേരിക്കന്‍ മലയാളികളുടെ ശബ്ദമായി ഫൊക്കാന നിലകൊണ്ടു. അതുകൊണ്ടുതന്നെ ലോക മലയാളികള്‍ക്കിടയില്‍ ഫൊക്കാനയുടെ ഖ്യാതി ഉയര്‍ന്നു കേട്ടു. കേരളത്തിന്റെ പ്രതിസന്ധികാലത്തും അടിയന്തരഘട്ടങ്ങളിലും ഫൊക്കാനയുടെ നേതൃത്വത്തില്‍ നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ പകരം വയ്ക്കാനില്ലാത്തതാണ്. കേരളത്തില്‍ സാമൂഹികമായി പിന്നില്‍ നില്‍ക്കുന്നവരെ കണ്ടെത്തി അവരുടെ ഉന്നമനത്തിനായി നടത്തി വന്ന ശ്രമങ്ങള്‍ മറ്റു സംഘടനകള്‍ക്കും മാതൃകയായി.

കടന്നു പോയ നാല്‍പത് വര്‍ഷങ്ങളില്‍ ഫൊക്കാനയ്ക്കു പറയാനുള്ളതെല്ലാം നന്മയുടെ സന്ദേശങ്ങളാണ്. മറ്റുള്ളവരിലേക്ക് നന്മ പകരുമ്പോഴാണ് നമ്മുടെ ജീവിതവും പ്രകാശപൂരിതമാകുന്നതെന്ന് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ പറയാതെ പറഞ്ഞു. ഇക്കാലമത്രയും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മാതൃകാപരമായി കൊണ്ടുപോകാന്‍ മികച്ച നേതൃനിരയ്ക്കും കഴിഞ്ഞു.

എഴുപതിലധികം സംഘടനകളുടെ സംഘടനയാണ് ഫൊക്കാന. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള സംഘടനകളാണ് ഇതിന്റെ ഭാഗമായി നിലകൊള്ളുന്നത്. 1983ല്‍ രൂപീകരിച്ച ഫൊക്കാനയുടെ പ്രധാന ലക്ഷ്യം മലയാളി കൂട്ടായ്മ തന്നെയാണ്. അമേരിക്കയുടെ മലയാളിത്വത്തെ കാത്തു സൂക്ഷിക്കുന്ന ഫൊക്കാന ജാതി മത രാഷ്ട്രീയ താല്‍പര്യങ്ങളില്ലാതെ മാനവികതയെ ഉയര്‍ത്തി പിടിച്ചു. പ്രവാസി മലയാളികളുടെ മറ്റ് സംഘടനകള്‍ക്ക് ഇന്നും മാതൃക ഫൊക്കാനയാണ്. ജീവകാരുണ്യം, സംസ്‌കാരം, കല, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലും മലയാളിക്കൊപ്പം നിന്ന് മുന്‍നിരയില്‍ പ്രവര്‍ത്തിക്കാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞത് അതിന്റെ കൂട്ടായ പരിശ്രമംകൊണ്ടു മാത്രമാണ്.

ഫൊക്കാനയെ ദേശീയതലത്തിലേക്ക് ഉയര്‍ത്തിയത് അതിന്റെ നേതൃനിരയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനമികവാണ്. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയെ ഇന്ന് കൂടുതല്‍ മിഴിവുള്ളതാക്കി. നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ വ്യവസായിയായ ഡോ. ബാബു സ്റ്റീഫന്റെ ആസൂത്രണമികവും നേതൃപാടവവും ആരേയും അതിശയിപ്പിക്കുന്നതാണ്. എല്ലാ മലയാളികളുമായും ആത്മബന്ധം സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയ്ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു. കലയും കാര്യവും ഒരേപോലെ കൈകാര്യം ചെയ്യുന്ന കലാ ഷാഹി ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ ഇന്ന് കൂടുതല്‍ ജനകീയമാക്കുന്നതില്‍ മുന്‍നിരയിലുണ്ട്. ഫൊക്കാനയുടെ ആത്മാവറിഞ്ഞു പ്രവര്‍ത്തിക്കുവാനും കൂടുതല്‍ ജനങ്ങളിലേക്ക് ഈ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കുവാമുമുള്ള ശ്രമത്തിലാണ് ട്രഷറര്‍ ബിജു കൊട്ടാരക്കര.

കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി കാലത്ത് കേരളത്തിന്റെ പ്രധാന കൈത്താങ്ങായിരുന്നു ഫൊക്കാന. മലയാളിയുടെ കണ്ണീരില്‍ സാന്ത്വനമായി ഫൊക്കാന അക്കാലത്ത് നടത്തി വന്നത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്. അവശ്യ സാധനങ്ങളുടെ വിതരണം, ഭവനനിര്‍മാണം, സാമ്പത്തിക സഹായം തുടങ്ങി നിരവധി കര്‍മ്മ പദ്ധതികളുമായി മലയാളക്കരയില്‍ നിലകൊണ്ടു. നിര്‍ദ്ധനരായ നിരവധി ആളുകള്‍ക്കാണ് നിലവില്‍ ഫൊക്കാനയുടെ നേതൃത്വത്തില്‍ സ്‌നേഹഭവനങ്ങള്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ എട്ടു വീടുകളാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം ഒരുങ്ങുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക ഭവനപദ്ധതിയും നടപ്പാക്കി വരുന്നു. ഭവനപദ്ധതിയ്‌ക്കൊപ്പം തന്നെ നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം ഉറപ്പുവരുത്താനുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു വരുന്നുണ്ട്.

പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളിലും കൃത്യമായി ഇടപെടാന്‍ ഫൊക്കാനയുടെ നേതൃത്വത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും പ്രതിഷേധവും സര്‍ക്കാരുകളെ അറിയിക്കുവാനും പരിഹാരം കണ്ടെത്തുവാനും ഈ സംഘടനയ്ക്ക് കഴിഞ്ഞത് അതിന്റ കെട്ടുറപ്പും കൂട്ടായ്മയും ഒന്നുകൊണ്ടു മാത്രമാണ്.

സ്ത്രീശാക്തീകരണവും കൂട്ടായ്മയും ലക്ഷ്യം വെച്ചുകൊണ്ട് ഫൊക്കാന വുമണ്‍സ് ഫോറം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്. സ്ത്രീകളുടെ കൂട്ടായ്മയും ശക്തിയും വിളിച്ചോതുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് വിമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലടക്കം സംഘടിപ്പിച്ചു വരുന്നത്.

അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഗമഭൂമികൂടിയാണ് ഫൊക്കാന സംഘടിപ്പിക്കുന്ന പരിപാടികള്‍. കൃത്യമായ പദ്ധതികളോടെ ആസൂത്രണ മികവോടെ ഫൊക്കാന ഒരുക്കിയ പരിപാടികളെല്ലാം തന്നെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു.

മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി നടത്തി വരുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി ജന്മനാടിനുള്ള ആദരവ് കൂടിയാണ്. കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ നടത്തി വരുന്ന ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ട് രണ്ടു പതിറ്റാണ്ടിലേറെ കഴിഞ്ഞിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. മലയാളഭാഷയിലെ മികച്ച പിഎച്ച്ഡി പ്രബന്ധങ്ങളെ കണ്ടെത്തി ഇതിന്റെ ഭാഗമായി അംഗീകാരം നല്‍കി വരുന്നുണ്ട്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സര്‍ക്കാര്‍ സംവിധാനം പ്രവാസി സംഘടനയ്ക്കുവേണ്ടി പദ്ധതി ഏറ്റെടുത്തു നടത്തുവെന്ന പ്രത്യേകതയും ഭാഷയ്‌ക്കൊരു ഡോളറിന് പറയാനുണ്ട്.

മലയാളി സംഘടനകള്‍, കൂട്ടായ്മകള്‍, കുടില്‍ വ്യവസായങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലേക്ക് ഫൊക്കാനയുടെ സഹായം ഒഴുകിയെത്തി. ലോകമലയാളികള്‍ ഒന്നിച്ചു കൈകോര്‍ത്താല്‍ കേരളത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് തെളിയിച്ചു കാണിക്കുവാന്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു.

ഡോ. ബാബു സ്റ്റീഫന്‍: ഫൊക്കാനയുടെ കര്‍മസാരഥി

ഫൊക്കാനയെ ജനകീയമാക്കി നിര്‍ത്തുന്ന ആദരണീയ വ്യക്തിത്വം. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ വ്യവസായ പ്രമുഖരില്‍ ഒരാളായ ഡോ. ബാബു സ്റ്റീഫന്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പകര്‍ന്നതൊക്കെയും പത്തരമാറ്റ്. സാമൂഹിക, രാഷ്ട്രീയ, സന്നദ്ധ സംഘടനാ രംഗങ്ങളില്‍ അനുഭവ പരിജ്ഞാനമുള്ള ബാബു സ്റ്റീഫന്റെ നേതൃത്വം ഫൊക്കാനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിച്ചു.

കൃത്യമായ സംഘാടനമികവാണ് ബാബു സ്റ്റീഫന്റെ മുഖമുദ്ര. അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ് ബാബു സ്റ്റീഫന്‍. അദ്ദേഹം തുടക്കം കുറിച്ച സ്റ്റീഫന്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റു വഴി നിരവധി ആളുകള്‍ക്കാണ് സഹായം നല്‍കി വരുന്നത്.

നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷനെ വ്യത്യസ്തവും കരുത്തുള്ളതുമാക്കിയത് ഡോ. ബാബു സ്റ്റീഫന്റെ ആസൂത്രണ മികവായിരുന്നു.

എന്‍വയോണ്‍മെന്റല്‍ എക്‌സലന്‍സ് പുരസ്‌കാര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍

പകരം വയ്ക്കാനില്ലാത്ത ലോകമലയാളികളുടെ ആഗോളക്കൂട്ടായ്മ. ഒത്തുചേര്‍ന്നും കരം പിടിച്ചും മലയാളിക്ക് അഭിമാനമായി മാറിയ വേള്‍ഡ് മലയാളി കൗണ്‍സില്‍. മാറുന്ന കാലത്തിനനുസരിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തി വരുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍വയോണ്‍മെന്റല്‍ എക്‌സലന്‍സ് പുരസ്‌കാരം നല്‍കി ഗ്ലോബല്‍ ഇന്ത്യന്‍ ആദരിക്കുന്നു. പച്ചപ്പിന്റെ കൈയൊപ്പ് ചാര്‍ത്തുന്ന പ്രകൃതിയ്ക്കായി വിശ്രമില്ലാതെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തി വരുന്നത്.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഉദ്ധേശ ലക്ഷ്യങ്ങളില്‍ ഒന്നു തന്നെ പരിസ്ഥിതി സംരക്ഷണവും അനുബന്ധ പ്രവര്‍ത്തനങ്ങുമാണ്. ഇതിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നടീല്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങീ നിരവധി കര്‍മ്മ പരിപാടികളാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ തന്നെ നടത്തി വരുന്നത്. ഏറ്റവും ഒടുവിലായി വേള്‍ഡ് മലയാളി കൗണ്‍സിലും അമൃതാനന്ദമയി മഠവും സംയുക്തമായി ആഗോളതലത്തില്‍ നടത്തി വരുന്ന വിഷുത്തൈനീട്ടം പദ്ധതി ശ്രദ്ധേയമായി കഴിഞ്ഞു. വിഷുക്കാലത്ത് ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി ലോകത്താകമാനം സംഘടനയുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് വൃക്ഷത്തൈകളാണ് നട്ടു വരുന്നത്. ഇതിനോടകം വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് വൃക്ഷത്തൈകളുടെ വിതരണവും നടീലും നടന്നു കഴിഞ്ഞിട്ടുണ്ട്.

പരിസ്ഥിതിദിനം ഒരു ദിവസത്തില്‍ മാത്രം ഒതുങ്ങുന്നില്ല വേള്‍ഡ് മലയാളി കൗണ്‍സിലിന്. ഇതിന് തുടര്‍ച്ചയുണ്ടാകുന്നതിന്റെ ഭാഗമായി വിവിധ പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയും വിവിധയിടങ്ങളില്‍ നട്ട വൃക്ഷത്തൈകളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓരോ പ്രൊവിന്‍സും ഈ ദൗത്യം ഏറ്റെടുക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ജീവനാണ് പ്രകൃതി എന്ന സന്ദേശം പുതുതലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസുകളും നടന്നു വരികയാണ്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി. പി. വിജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ നേതൃനിരയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നത്.

മികച്ച നഴ്‌സസ് അസോസിയേഷന്‍: ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍

ആതുരസേവനരംഗത്തെ വെണ്‍തൂവല്‍ മാലാഖമാര്‍ക്കൊപ്പം നിലകൊള്ളുന്ന ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിനെ മികച്ച നഴ്‌സസ് അസോസിയേഷനുള്ള പുരസ്‌കാരം നല്‍കി ഗ്ലോബല്‍ ഇന്ത്യന്‍ പുരസാകര വേദിയില്‍ ആദരിക്കുന്നു. നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സേവകര്‍ക്കൊപ്പം നിലകൊള്ളുകയും അവരുടെ ആവശ്യങ്ങള്‍ അടുത്തറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ സംഘടനയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം. പ്രസിഡന്റ് ഡോ. റീനു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നത്.

ഇന്ത്യയില്‍ നിന്നും കുടിയേറിയ ആതുരസേവകരുടെ കൂട്ടായ്മയായി 1982ല്‍ ആരംഭിച്ച പ്രസ്ഥാനമാണിത്. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അതിന് പരിഹാരം കണ്ടെത്താനും ആരംഭിച്ച സംഘടന കാലക്രമത്തില്‍ പൊതുസമൂഹത്തിന്റെയും ഭാഗമായ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി. എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ നഴ്സ് എഡ്യുക്കേറ്റര്‍ മേരി ജെ എബ്രഹാം, വെസ്റ്റ്ബറി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ നഴ്സ് സാറാമ്മ ജേക്കബ് എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റ നഴ്സുമാരെ പിന്തുണയ്ക്കുന്നതിനായി ഒരു അസോസിയേഷന്‍ രൂപീകരിക്കാനുള്ള ആദ്യ നീക്കം നടത്തിയത്. കുടിയേറ്റ നഴ്സുമാരുടെ കരിയര്‍ പുരോഗതി, അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അസോസിയേഷന്റെ പ്രവര്‍ത്തനം തുടങ്ങിയത്.

ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും വലിയൊരു വിഭാഗം ആളുകളാണ് അമേരിക്കയിലേക്ക് നഴ്‌സുമാരായി ഓരോ വര്‍ഷവും എത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്കൊക്കെയും തണലൊരുക്കാന്‍ ഈ അസോസിയേഷനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. രണ്ടായിരത്തോടെ നഴ്‌സുമാരുടെ എണ്ണത്തില്‍ വര്‍ധവ് ഉണ്ടായി. ഇതോടെ ഈ സംഘടനയുടെ പ്രസക്തിയും ഏറി. തൊണ്ണൂറ്റി നാലോടെ ഈ സംഘടന കൂടുതല്‍ ശക്തിപ്രാപിച്ചു. മേരി റോയ്, മേരി ജെ എബ്രഹാം, ലീല തയ്യില്‍, സാറാമ്മ ജേക്കബ്, മറിയാമ്മ തോമസ്, ക്ലാരമ്മ മാത്യൂസ്, മേരി തോമസ്, പരേതയായ റോസക്കുട്ടി ചാക്കോ തുടങ്ങിയ നിരവധി വ്യക്തിത്വങ്ങള്‍ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സിംഗ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി.

ഇന്നീ സംഘടനയില്‍ അഞ്ഞൂറിലധികം ആജീവനാന്ത അംഗങ്ങളുണ്ട്. ഇന്ത്യയില്‍ CGFNS, NCLEX വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ സംഘടനയ്ക്ക് സഹായിക്കാനായി. നഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ആദ്യത്തെ എപിഎന്‍ ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് സംഘാടനം, വിദ്യാഭ്യാസ കോണ്‍ഫറന്‍സുകളുടെ സംഘാടനം, സ്‌കൂള്‍ കുട്ടികള്‍ക്കായി ലഹരി ബോധവത്ക്കരണം, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സന്നദ്ധസേവന പദ്ധതികള്‍, പ്രാദേശിക റേഡിയോ സ്‌റ്റേഷനുകളുമായി സഹകരിച്ച് ആരോഗ്യവിദ്യാഭ്യാസം., സേവനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ, ദുരന്ത നിവാരണ പദ്ധതികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു വരുന്നു.

ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും പ്രത്യേക താല്‍പര്യം പുലര്‍ത്തുന്ന അസോസിയേഷന്‍ കൂടിയാണിത്. നഴ്‌സസ് സമൂഹത്തിന്റെ ആവശ്യങ്ങളില്‍ മാത്രം ഒതുങ്ങാതെ പൊതുസമൂഹവുമായി ബന്ധം പുലര്‍ത്തിയതോടെ അസോസിയേഷന് കൂടുതല്‍ ജനകീയ മുഖം നല്‍കാന്‍ നേതൃത്വത്തിനായി.

ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഓഫ് ദി ഇയര്‍: ടോമാര്‍ കണ്‍സ്ട്രക്ഷന്‍സ്

ആഗോളതലത്തില്‍ കെട്ടുറപ്പുള്ള വിശ്വാസത്തിന്റെ മലയാളിപ്പെരുമ. മലയാളത്തിന്റെ ആഗോള മുഖമായി മാറിയ ടോമാര്‍ കണ്‍സ്ട്രക്ഷന്‍സിന് ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കി ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാര വേദിയില്‍ ആദരിക്കുന്നു. ടോമാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ഉറപ്പുള്ള തലയെടുപ്പിന്റെ പേരാണ് തോമസ് മൊട്ടയ്ക്കല്‍. ടോമാര്‍ കണ്‍സ്ട്രക്ഷന്‍സ് ഇന്ന് ലോകത്തിലെ തന്നെ മികച്ച നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ്.

ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ക്വാളിറ്റി ഉപഭോക്താക്കളിലേക്ക് എത്തിയതാണ് ടോമാറിന്റെ ഖ്യാതി പടര്‍ത്തിയത്. 1998ല്‍ ആരംഭിച്ച കമ്പനി അതിവേഗത്തിലാണ് ലോകത്താകമാനം ചര്‍ച്ചയായി മാറിയത്. ഒരു മെക്കാനിക്കല്‍ എച്ച്വിഎസി കോണ്‍ട്രാക്ടറായി തുടങ്ങി ലോകം അതിശയിക്കുന്ന നിര്‍മിതികളുടെ വരെ ഭാഗമായി ഇന്ന് ടോമാര്‍ കണ്‍സ്ട്രക്ഷന്‍സ് മാറി. ഉപഭോക്താക്കളെ അറിഞ്ഞ് അവര്‍ക്കൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിച്ചതാണ് ടോമാറിന്റെ പ്രശസ്തിയുടെ പ്രധാന കാരണം.

മാനുഷിക മൂല്യങ്ങള്‍, സുരക്ഷ, ഉറപ്പ്, പ്രൊഫഷണലിസം എന്നിവയ്ക്കൊപ്പം ടോമാര്‍ ചേര്‍ത്തത് സ്നേഹത്തിന്റെ പൂക്കള്‍ കൂടിയായിരുന്നു. ഏറ്റവും ഒടുവില്‍ ലോകത്തെ കൊതിപ്പിച്ച ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യന്‍ പവലിയന്‍ വരെ എത്തി നില്‍ക്കുന്നു ടോമാറിന്റെ പെരുമ. ഒരു മലയാളിയില്‍ നിന്ന് ഇത്തരം വലിയ നിര്‍മിതികള്‍ ഉയരുന്നത് ഏതൊരു മലയാളിയേയും അതിശയിപ്പിക്കുന്നതും അഭിമാനം കൊള്ളിക്കുന്നതുമാണ്.

പ്രീക്ക്നസ് ഹോസ്പ്പിറ്റല്‍, എഡിസന്‍ ടൗണ്‍ഷിപ്പ്, ഫോര്‍ട്ട് മോണ്‍മൗത്ത് ആര്‍മി ബെയ്സ്, ഫോര്‍ട്ട് വാര്‍ഡ്സ്വെര്‍ത്ത് ആര്‍മി ബെയ്സ്, നോര്‍ത്ത് ജേഴ്സി ഡിസ്ട്രിക്ട് വാട്ടര്‍ കമ്മീഷന്‍, ഈസ്റ്റ് വിന്റ്സെര്‍ ടൗണ്‍ഷിപ്പ്, ന്യൂവാര്‍ക്ക് ഹൗസിങ് അതോറിറ്റി, മിഡില്‍സെക്സ് കൗണ്ടി, വില്ലേജ് ഓഫ് റിഡ്ജ്വുഡ് തുടങ്ങിയ പ്രശസ്തമായ നിര്‍മിതികള്‍ക്കു ടോമാര്‍ കണ്‍സ്ട്രക്ഷന്‍സാണ് നേതൃത്വം നല്‍കിയത്. ന്യൂജേഴ്സിയിലെ നിരവധി ആരാധനാലയങ്ങളും ഹോട്ടലുകളും നിര്‍മ്മിച്ചതും ടോമാര്‍ കണ്‍സ്ട്രക്ഷന്‍സ് തന്നെ.

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള സ്വദേശിയായ തോമസ് മൊട്ടയ്ക്കല്‍ 1995ലാണ് യുഎസ്സില്‍ എത്തിയത്. മലയാളികള്‍ക്കിടയിലെ സജീവസാന്നിധ്യമായ ഇദ്ദേഹം വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റും അമേരിക്ക റീജിയന്‍ ബിസിനസ് ഫോറം ചെയര്‍മാനുമാണ്.

ലോകമലയാളികളുടെ വാര്‍ത്താ ശബ്ദമായി മാറിയ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവാര്‍ഡ് നൈറ്റും കള്‍ച്ചറല്‍ ഫെസ്റ്റും മെയ് ഏഴിന് നടക്കും. വൈകിട്ട് അഞ്ചിന് ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍ 2210 സ്റ്റാഫോര്‍ഡ്‌ഷൈര്‍ റോഡ്, മിസൂറി സിറ്റിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ‘നാട്ടു നാട്ടു’ എന്നു പേരിട്ടിരിക്കുന്ന മഹാസംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച മലയാളി പ്രതിഭകള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സമ്മാനിക്കും.

രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും ഈ സംഗമത്തില്‍ പങ്കെടുക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഗമമായി ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ്നൈറ്റ് മാറ്റാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് ഒരുങ്ങുന്നത്.

18 വ്യത്യസ്ത ഭാഷകളില്‍ പാടുന്ന സോളോ പെര്‍ഫോമര്‍ ചാള്‍സ് ആന്റണിയാണ് മുഖ്യ ആകര്‍ഷണം. ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയന്‍, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ ഭാഷാ ഗാനങ്ങളാണ് ചാള്‍സിന്റെ സോളോ പെര്‍ഫോമന്‍സില്‍ നിറയുന്നത്.

ക്ലാസിക്കല്‍ ഡാന്‍സ്, ബെല്ലി ഡാന്‍സ് തുടങ്ങിയ നൃത്ത ഇനങ്ങളുമായി സുന്ദരിമാര്‍ വേദി കീഴടക്കും. ഫ്യൂഷന്‍ സംഗീതത്തോടൊപ്പം പ്രിയപ്പെട്ട ഗാനങ്ങളുമായി ഗായകരും വേദിയിലെത്തും. പിന്നണി ഗായിക കാര്‍ത്തിക ഷാജി സംഗീത വിരുന്നൊരുക്കും. പുത്തന്‍ സൗന്ദര്യ സ്വപ്നങ്ങളുടെ മായിക ലോകം പകര്‍ന്ന് ഫാഷന്‍ ഷോ, നാട്ടുമേളത്തിന്റെ പെരുമയുമായി ചെണ്ടമേളം തുടങ്ങിയ പരിപാടികളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. നാടന്‍ രുചികളുമായി ലൈവ് തട്ടുകട ഒരുങ്ങും. ഒപ്പം വ്യത്യസ്ത രുചിക പ്രീമിയം കോക്ടെയ്ല്‍ ബാറും ഒരുങ്ങുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments