പി. പി. ചെറിയാൻ
ഓക്‌ലഹോമ : ഓക്‌ലഹോമ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഹ്യൂമൺ സർവീസസ് ഡയറക്ടറായി വനിതയെ നിയമിച്ചു. ഡോ. ഡെബോറാ ഷ്രോപ്ഷയറിനെയാണ് ഓക്‌ലഹോമ ഹ്യൂമൺ സർവീസിന്റെ തലപ്പത്ത് ഗവർണർ കെവിൻ സ്റ്റിറ്റ് നിയമിച്ചിരിക്കുന്നത്. ഓക്‌ലഹോമ ചൈൽഡ് വെൽഫെയർ സർവീസസ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. ഡെബോറ, ആരോഗ്യവകുപ്പിൽ പല സുപ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്.
2014ൽ നാഷനൽ റേ ഹെൽഫർ അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ അവാർഡുകൾ ഡെബോറയെ തേടിയെത്തിയിട്ടുണ്ട്. ഓക്‌ലഹോമ ഹ്യൂൺ സർവീസിൽ ഡോ. ഡെബോറയുടെ സേവനം പ്രത്യേക ഊർജം നൽകുമെന്നും മറ്റു വിവിധ രംഗങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ള ഇവരുടെ കഴിവുകൾ ഡിഎച്ച്എസിന്റെ പ്രവർത്തനങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവരുമെന്നും ഗവർണർ കെവിൻ പറഞ്ഞു.
ഓക്‌ലഹോമയിലെ അറിയപ്പെട്ട പീഡിയാട്രിഷ്യനായ ഡോ. ഡെബോറ 2001 മുതൽ 2015 വരെ പോളിൽ ഇമേയർ ചിൽഡ്രൻസ് ഷെൽട്ടർ മെഡിക്കൽ ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ഓക്‌ലഹോമ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ പീഡിയാട്രിക് അസോസിയേഷൻ പ്രഫസർ കൂടിയാണ് ഡോ. ഡെബോറ.