സുരേഷ് കരുണാകരൻ
ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ഏപ്രിൽ 27 ന് ക്ഷേത്ര തിരുമുറ്റത്ത് തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ കർമ്മികത്വത്തിൽ നടത്തപെട്ടു. കേരള ഹിന്ദു സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരപ്പൻ ക്ഷേത്ര ഭാരവാഹികൾ വിപുലമായ ആഘോഷപരിപാടികളാണ് ഈ വർഷത്തെ ഉത്സവത്തോട്ടനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്നത്.
ഉത്സവത്തോടനുബന്ധിച്ചു ക്ഷേത്രാങ്കണം ദീപാലങ്കാരങ്ങളാൽ മോടിപിടിപ്പിക്കുകയും ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനത്തിന് പ്രതേക സ്വകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 27 മുതൽ പത്തു ദിവസം നീളുന്ന വിശേഷാൽ പൂജകളും ആഘോഷപരിപാടികളും ഭക്തജനങ്ങൾക്ക് ഉത്സവലഹരിയാണ് സമ്മാനിച്ചിരിക്കുന്നത്. ഉത്സവത്തിനു മാറ്റുകൂട്ടുവാൻ കേരളത്തിൽ നിന്നുള്ള മേള പ്രമാണിമാരായ പല്ലാവൂർ സഹോദരങ്ങളും എത്തിച്ചേർന്നിട്ടുണ്ട്.
ഓരോ ദിവസത്തേയും ആഘോഷപരിപാടികൾ അവസാനിക്കുന്നത് വിവിധ കലാപരിപാടികളോടെയാണ്. മികച്ച പങ്കാളിത്തമാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. ഹൂസ്റ്റണിലെ എല്ലാ പ്രഗത്ഭ ഡാൻസ് സ്കൂളുകളിലെയും കുട്ടികളും മുതിർന്നവരും ഈ ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
ഉത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പായസമേള ശ്രദ്ധേയമായി. നിരവധി പേർ പങ്കെടുത്ത ഈ പായസമേള നാവിൽ രുചിയുറുന്ന അനുഭവമായി. പായസങ്ങളുടെ രുചി അറിയാനും മനോഹരമായ അതിന്റെ അവതരണങ്ങൾ കാണാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
10 ദിവസത്തെ ഉത്സവം മെയ് ആറിന് ആറാട്ടോടു കൂടി അവസാനിയ്ക്കും. സമാപന ദിവസം പ്രശസ്ത ബാന്റ് “മസാല കോഫി” അവതരിപ്പിയ്ക്കുന്ന സംഗീത വിരുന്നും വെടിക്കെട്ടും നടത്തപ്പെടും. അന്നേ ദിവസം വൻ ജനത്തിരക്കു പ്രതീക്ഷിക്കുന്നതു കൊണ്ട് വലിയ തയ്യാറെടുപ്പുകളാണു നടത്തിയിരിക്കുന്നതു. തുറന്ന സ്റ്റേജിൽ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണു സംഗീത വിരുന്നു അരങ്ങേറുന്നത്. ജനത്തിരക്കു മുന്നിൽ കണ്ടുകൊണ്ട് അന്നേ ദിവസം പ്രത്യേക പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.