ന്യൂഡൽഹി: കാനഡയിൽ ഇന്ത്യൻ പതാക സംരക്ഷിക്കാൻ ശ്രമിച്ച സിഖ് കുടുംബത്തിനുനേർക്ക് ഖലിസ്ഥാൻ അനുകൂല സംഘടനയുടെ ആക്രമണം. അബ്ബോട്സ്ഫോർഡിൽ വാൻകൂവർ കോൺസുലേറ്റ് ജനറൽ നടത്തിയ ഇന്ത്യൻ ഹൈക്കമ്മിഷന്റെ പരിപാടിക്കിടെയാണ് സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന സംഘടനയുടെ അനുയായികൾ ആക്രമണം നടത്തിയത്.
എസ്എഫ്ജെയുടെ അനുയായികൾ ഇന്ത്യൻ പതാകയോട് അനാദരവ് കാണിച്ചതിനെത്തുടർന്ന് അതു നിലത്തുനിന്ന് എടുക്കാൻ ശ്രമിച്ചപ്പോഴാണ് സിഖ് കുടുംബത്തിനുനേർക്ക് ആക്രമണം ഉണ്ടായതെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യ ഭീകരനെന്ന് മുദ്രകുത്തിയ ഗുർപത്വന്ത് സിങ് പന്നുൻ ആണ് സംഘടനയെ നയിക്കുന്നത്. നവംബർ 19ന് എയർ ഇന്ത്യ വിമാനത്തിൽ സിഖ് വംശജർ യാത്ര ചെയ്യരുതെന്ന് ഭീഷണി മുഴക്കിയത് പന്നുനാണ്. ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം നടക്കുന്ന ദിവസമാണ് 19.
ഇന്ത്യൻ സർക്കാരിൽനിന്നുള്ള പെൻഷൻ ലഭിക്കണമെങ്കിൽ ആവശ്യമായ ഡോക്യുമെന്റ് നൽകുന്നതിനുവേണ്ടി പ്രദേശത്തെ ഗുരുദ്വാരയുടെ സഹായത്തോടെ ഹൈക്കമ്മിഷൻ നടത്തിയ പരിപാടിയായിരുന്നു അത്. യുവദമ്പതികളും കുട്ടിയും വയോധികനും ഉൾപ്പെടുന്ന കുടുംബത്തിനാണ് ആക്രമണം നേരിടേണ്ടിവന്നത്. വയോധികൻ ഇന്ത്യൻ സർക്കാർ സർവീസിൽനിന്ന് വിരമിച്ചയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു.