വാഷിങ്ടണ്‍: ഇസ്രായേലുമായി യുദ്ധത്തിനിറങ്ങിയാൽ പരാജയപ്പെടുമെന്ന് ഇറാന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ താക്കീത്. ഇസ്രായേൽ സുരക്ഷക്കായി അമേരിക്ക രംഗത്തിറങ്ങുമെന്നും ബൈഡൻ വ്യക്തമാക്കി. കൂടുതൽ യുദ്ധകപ്പലുകളും പോർവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാനും അമേരിക്ക നടപടി തുടങ്ങി. ഇറാനെ പിന്തിരിപ്പിക്കാൻ നയതന്ത്ര നീക്കവും ഊർജിതമാണ്. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും യുദ്ധത്തിൽ ഇറാൻ വിജയിക്കില്ലെന്നുമാണ് വൈറ്റ്ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബൈഡന്റെ പ്രതികരണം. ഉടൻ ആക്രമണ സാധ്യതയുണ്ടെന്ന യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് മുൻനിർത്തി ഇസ്രായേലിൽ ഉടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ മന്ത്രിമാരുമായി സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഇറാൻ ആക്രമണത്തിന്റെ സ്വഭാവം നോക്കിയാകും ഇസ്രായേലിന്റെ തിരിച്ചടിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് സെൻട്രൽ കമാന്റ് മേധാവി കഴിഞ്ഞദിവസം ഇസ്രായേലിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.