വാഷിംഗ്ടൺ: കോവിഡ്-19 മഹാമാരിയുടെ ഉത്ഭവം ചൈനയിലെ ലാബിലാണ് എന്ന കാര്യത്തിൽ കൃത്യമായ നിഗമനമില്ലെന്നു വൈറ്റ്ഹൗസ്. ചൈനീസ് ലാബിൽനിന്നായിരിക്കാം കൊറോണവൈറസ് വ്യാപിച്ചതെന്ന നിഗമനത്തിലുള്ള യുഎസ് എനർജി ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായ നിഗമനമില്ലെന്നു യുഎസ് ദേശീയ സുരക്ഷാ കോൺസിൽ കോ-ഓർഡിനേറ്റർ ജോൺ കിർബി പറഞ്ഞു.
കോവിഡ്-19 യുടെ ഉത്ഭവത്തെക്കുറിച്ച് യുഎസ് സർക്കാർ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ ഗവേഷകരുടെയും രഹസ്യാന്വേഷകരുടെയും രാഷ്ട്രീയക്കാരുടെയും ഇടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. യുഎസ് കോൺഗ്രസിലെ പ്രധാനപ്പെട്ട അംഗങ്ങൾക്കു നൽകിയ യുഎസ് ഇന്റലിജൻസിന്റെ ക്ലാസിഫൈഡ് റിപ്പോർട്ടിൽ, ചൈനീസ് ലാബിൽനിന്നു പുറത്തുചാടിയ വൈറസ് മൂലമാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതെന്ന നിഗമനമുള്ളതായി വാൾസ്ട്രീറ്റ് ജേണൽ ഞായറാഴ്ച പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. മഹാമാരി മൂലം ആഗോളതലത്തിൽ 70 ലക്ഷം പേർ മരിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
യുഎസ് ഗവൺമെന്റിന്റെ ഇന്റലിജൻസ് കമ്മിറ്റിയും മറ്റു വകുപ്പുകളും റിപ്പോർട്ട് വിശകലനം ചെയ്തുവരികയാണെന്നും കൃത്യമായ നിഗമനത്തിൽ എത്തിയിട്ടില്ലെന്നും കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി കിർബി പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന് യഥാർഥ വസ്തുതയാണ് അറിയേണ്ടതെന്നും ഇതിനായി ഗവൺമെന്റ് വകുപ്പുകൾ പരിശ്രമിക്കുന്നുണ്ടെന്നും കിർബി വ്യക്തമാക്കി.
ചൈനയിലെ വുഹാൻ പ്രവിശ്യയിലെ ഹുനാൻ മാർക്കറ്റാണ് കോവിഡ് മഹാമാരിയുടെ പ്രഭവകേന്ദ്രം. 2019ൽ ഇവിടെനിന്നു കോവിഡ് രോഗത്തിനു കാരണമായ സാർസ് കോവ്-2 വൈറസ് ലോകം മുഴുവൻ വ്യാപിച്ചു എന്നാണ് യുഎസ് റിപ്പോർട്ട്. യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് ആധികാരികമല്ലെന്നും കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും വാൾസ്ട്രീറ്റ് ജേണലും ന്യൂയോർക്ക് ടൈംസും റിപ്പോർട്ട് ചെയ്തു. മഹാമാരി മൂലം യുഎസ്-ചൈന ബന്ധത്തിൽ കാര്യമായ ഉലച്ചിൽ സംഭവിച്ചിട്ടുണ്ട്. കോവിഡിന്റെ ഉത്ഭവം തങ്ങളുടെ രാജ്യത്ത് അല്ല എന്നാണ് ചൈനയുടെ വാദം.
വുഹാൻ വൈറോളജി ലാബിൽ പരിശോധന നടത്താൻ ലോകാരോഗ്യസംഘടനയെ ചൈന അനുവദിച്ചിരുന്നില്ല. ഇതിനിടെ, യുഎസ് ഇന്റലിജൻസിന്റെ റിപ്പോർട്ട് ചൈനീസ് വിദേശകാര്യമന്ത്രാലയം തള്ളി.