യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമലാ ഹാരിസിന്റെ വിജയത്തിനായി മലയാളത്തില്‍ പ്രചരണ ഗാനം. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് ‘കമലാരവം’ എന്ന ആല്‍ബം ഒരുങ്ങുന്നത്. കഴിഞ്ഞ 18 വര്‍ഷമായി അമേരിക്കയിലെ ചിക്കാഗോയില്‍ താമസക്കാരനായ ബിനോയ് തോമസ് രചിച്ച്, ചലച്ചിത്ര സംഗീത സംവിധായകന്‍ സജീവ് മംഗലത്ത് ഈണമിട്ട ‘വിസ്മവിജയം തേടും വഴികളില്‍ മിന്നും നക്ഷത്രം, കമല, കമലാ ഹാരിസ്’ എന്നു തുടങ്ങുന്ന ഗാനം തിരുവനന്തപുരം ആരഭി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തു.
ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്താണ് ഗാനം ആലപിച്ചത്. അമേരിക്കയില്‍ താമസക്കാരായ മൂന്ന് മില്യനിലധികം വരുന്ന മലയാളികള്‍ കമലാ ഹാരിസ് പ്രസിഡന്റായി വരണമെന്ന് ആഗ്രഹിക്കുന്നതായും അതിന്റെ ഭാഗമായാണ് ഇത്തരമൊരു ഗാനം ഒരുക്കിയതെന്നും ബിനോയ് തോമസ് പറഞ്ഞു. ഇന്ത്യാക്കാരോടും പ്രത്യേകിച്ച് ദക്ഷിണേന്ത്യയോടും കമലാ ഹാരിസിനുള്ള പ്രത്യേക താല്‍പര്യവും ഗാനം തയാറാക്കാന്‍ പ്രചോദനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫിര്‍ദൗസ് കായല്‍പ്പുറമാണ് ആല്‍ബം സംവിധാനം ചെയ്യുന്നത്. സിനി ജോസഫാണ് പ്രൊഡക്ഷൻ കോഡിനേറ്റര്‍. അമേരിക്കന്‍ മലയാളി അസോസിയേഷനുകളുടെ സോഷ്യല്‍ മീഡിയ ഫ്‌ളാറ്റ്‌ഫോമുകളിലൂടെയാണ് ഗാനം പ്രചരിപ്പിക്കുന്നത്.