ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ ഡെമോക്രാറ്റ് പാർട്ടി കടക്കെണിയിൽപ്പെട്ടെന്ന് റിപ്പോർട്ട്. യുഎസ് മാധ്യമമായ പൊളിറ്റിക്കോയുടെ കലിഫോർണിയ ബ്യൂറോ ചീഫ് ക്രിസ്റ്റഫർ കാഡെലാഗോയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ കമല ഹാരിസിന്റെ പ്രചാരണം അവസാനിച്ചത് കുറഞ്ഞത് രണ്ടു കോടി യുഎസ് ഡോളറിന്റെ (20 ദശലക്ഷം – 168.79 കോടി ഇന്ത്യൻ രൂപ) കടത്തിലാണെന്ന വിവരം പുറത്തുവിട്ടത്. ഒക്ടോബർ 16 വരെയുള്ള കണക്ക് പ്രകാരം കമലയുടെ പ്രചാരണ വിഭാഗത്തിന് ഒരു ബില്യൻ (100 കോടി) യുഎസ് ഡോളർ ഫണ്ട് കണ്ടെത്താൻ സാധിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിൽ 11.8 കോടി യുഎസ് ഡോളർ ഉണ്ടായിരുന്നുവെന്നുമാണ് കാഡെലാഗോ പുറത്തുവിട്ട വിവരം.
കാഡെലാഗോയുടെ വാദം ശരിവച്ച് മറ്റൊരു മാധ്യമമായ ബ്രെയ്ട്ബാർട്ടിന്റെ മാത്യു ബോയിൽ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. കമലയുടെ പ്രചാരണ സംഘത്തിൽപ്പെട്ടവരെ അനൗദ്യോഗികമായ ഉദ്ധരിച്ചാണ് ഇവരുടെ വാദം. ഫണ്ട് എത്രയും വേഗം തരപ്പെടുത്താനുള്ള നീക്കത്തിലാണ് കമലയുടെ പ്രചാരണ വിഭാഗത്തിന്റെ ഡപ്യൂട്ടി ക്യാംപെയ്ൻ മാനേജർ റോബ് ഫ്ലാഹെർട്ടിയെന്നാണ് ബോയിൽ പറയുന്നത്. എന്നാൽ യുഎസിലെ പ്രധാനപ്പെട്ട മാധ്യമങ്ങളൊന്നും ഈ വാദം ഏറ്റുപിടിച്ചിട്ടില്ല.