വാഷിങ്ടൺ: പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ പിന്‍മാറി. രാജ്യത്തിന്‍റെയും പാര്‍ട്ടിയുടേയും താല്‍പര്യം നിലനിര്‍ത്തിയാണ് തീരുമാനമെന്ന് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ ഡെമോക്രാറ്റിക് നേതാവുകൂടിയായ ബൈഡന്‍ വ്യക്തമാക്കി. പുതിയ സ്ഥാനാര്‍ഥിയായി നിലവിലെ വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ ബൈഡന്‍ നിര്‍ദേശിച്ചു.
എണ്‍പത്തൊന്നാം വയസിലെ മോശം ആരോഗ്യാവസ്ഥ. സംവാദത്തില്‍ ഡോണള്‍ഡ് ട്രംപിനോടേറ്റുമുട്ടിയുള്ള തോല്‍വി. വധശ്രമത്തെ അതിജീവിച്ചതോടെ ഓരോ ദിവസവും കുതിച്ചുയരുന്ന ട്രംപിന്‍റെ ജനപ്രീതി. സാഹചര്യങ്ങളെല്ലാം പ്രതികൂലമായതോടെ ഇനിയൊരങ്കത്തിനില്ലെന്ന് വ്യക്തമാക്കി ജോ ബൈഡന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഒഴിഞ്ഞു. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മല്‍സരത്തില്‍ നിന്ന് ജോ ബൈഡന്‍ പിന്‍മാറണമെന്ന് പാര്‍ട്ടിക്കകത്തും പുറത്തും കടുത്ത സമ്മര്‍ദ്ദമുയര്‍ന്നിരുന്നു.
ബൈഡന്‍ സ്ഥാനാര്‍ഥിത്വം ഒഴിയണമെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പോലും ആവശ്യമുന്നയിച്ചതോടെയാണ് ഒഴിയാന്‍ ബൈഡന്‍ നിര്‍ബന്ധിതനായത്. കോവിഡ് കാരണം വിശ്രമത്തില്‍ തുടരുന്ന ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസിനടക്കം നന്ദി പറഞ്ഞുകൊണ്ടാണ് യു.എസ് ജനതയെ അഭിസംബോധന ചെയ്ത കത്ത് പുറത്തുവിട്ടത്.