Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news‘ട്രംപിന്റെ കാലത്തേക്ക് തിരിച്ചുപോക്കില്ല’, യുഎസിൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കുമെന്നും കമല ഹാരിസ്

‘ട്രംപിന്റെ കാലത്തേക്ക് തിരിച്ചുപോക്കില്ല’, യുഎസിൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കുമെന്നും കമല ഹാരിസ്

ഷിക്കാഗോ : യുഎസിൽ ഗർഭച്ഛിദ്ര നിയമം നടപ്പാക്കുമെന്നും ഗാസയിൽ വെടിനിർത്തലിനെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചും ട്രംപിനെ കടന്നാക്രമിച്ചും ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവെൻഷനിൽ കമല ഹാരിസിന്റെ കരുത്തുറ്റ പ്രസംഗം. ‘ട്രംപിന്റെ കാലത്തേക്ക് തിരിച്ചുപോക്കില്ല’ എന്ന മുദ്രാവാക്യത്തോടെ നടത്തിയ പ്രസംഗത്തിൽ ട്രംപ് യുഗത്തെ കമല കടന്നാക്രമിച്ചു. ഭൂരിഭാഗം സമയവും ഒട്ടും ഗൗരവമല്ലാത്തയാളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. എന്നാൽ അദ്ദേഹം യുഎസ് പ്രസിഡന്റായിരുന്ന സമയം അതീവ ഗൗരവകരമായിരുന്നു. അത്രത്തോളം അക്രമങ്ങളും കുറ്റകൃത്യങ്ങളുമാണ് അമേരിക്കയിലുണ്ടായതെന്നും കമല പറഞ്ഞു.

പ്രസിഡന്റായിരുന്നപ്പോഴുള്ള ദുരന്തങ്ങളും പ്രശ്നങ്ങളും മാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ അദ്ദേഹം ആയുധവുമായി ആളുകളെ യുഎസ് കാപിറ്റോളിലേക്ക് വിട്ടു. അവർ പൊലീസുകാരെ ആക്രമിച്ചു. അക്രമം നിയന്ത്രിക്കുന്നതിനു പകരം അദ്ദേഹം ആളിക്കത്തിക്കുകയാണ് ചെയ്തത്. ലൈംഗിക കുറ്റാരോപണം വരെ നേരിടുന്നയാളാണ് ട്രംപ്. ട്രംപിന്റെ യുഗത്തിലേക്ക് നമ്മളിനി തിരിച്ചുപോകില്ല. രാജ്യത്തിന്റെ സൈന്യത്തെത്തന്നെ ജനങ്ങൾക്കെതിരെ അദ്ദേഹം ഉപയോഗിച്ചു. യുഎസ് പ്രസിഡന്റെന്ന അധികാരം ജനങ്ങളുടെ നന്മയ്ക്കോ രാജ്യത്തിന്റെ പുരോഗതിക്കോ വേണ്ടിയല്ല ട്രംപ് ഉപയോഗിച്ചത്. മറിച്ച് അദ്ദേഹത്തിന്റെ നന്മയ്ക്കു വേണ്ടി മാത്രമാണ്. രണ്ടാംവട്ടവും അങ്ങനെയൊന്ന് അനുവദിച്ചുകൂടാ. യുഎസിൽ ഡോണൾഡ് ട്രംപിനെ തിരിച്ചുകൊണ്ടുവരാൻ അനുവദിക്കില്ല. സാമൂഹ്യസുരക്ഷയും മെഡികെയറും ഇല്ലാതാക്കാനും സർക്കാർ സ്കൂളുകൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനും കുട്ടികളുടെ ക്ഷേമത്തിനുള്ള പണം ഇല്ലാതാക്കാനും ഡോണൾഡ് ട്രംപിനെ അനുവദിക്കില്ല.’–കമല പറഞ്ഞു.

‘ഞങ്ങൾ സ്ത്രീകളെ വിശ്വസിക്കുന്നു. പ്രത്യുത്പാദനത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ബിൽ കോൺഗ്രസ് പാസാക്കിയിട്ടുണ്ട്. പ്രസിഡന്റായാൽ ഞാനതിൽ അഭിമാനത്തോെടെ ഒപ്പുവച്ച് നിയമമാക്കും‘–കമല പറഞ്ഞു. ഗാസയിൽ കഴിഞ്ഞ 10 മാസമായി നടക്കുന്ന കാര്യങ്ങൾ സങ്കടകരമാണ്. ഗാസയ്ക്കുവേണ്ടി ജോ ബൈഡനും താനും നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ഇനി വെടിനിർത്തൽ–ബന്ദി കൈമാറ്റ കരാറുകൾ ഒപ്പുവയ്ക്കേണ്ട സമയമാണ്.’’– കമല പറഞ്ഞു. സാമാന്യബോധവും യാഥാർഥ്യ ബോധവുമുള്ള പ്രസിഡന്റായിരിക്കും യുഎസിനു താനെന്നും അവർ കൂട്ടിച്ചേർത്തു.

ജീവിത പങ്കാളി ഡഗ്ലസ് എമോഫിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നന്ദി പറഞ്ഞു കൊണ്ടായിരുന്നു കമലയുടെ പ്രസംഗം തുടങ്ങിയത്. കമലയുടെയും ഡഗ്ലസിന്റെയും വിവാഹ വാർഷിക ദിനത്തിലായിരുന്നു ദേശീയ കൺവൻഷനിലെ കമലയുടെ പ്രസംഗം. തൊട്ടുപിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൾസിനും കമല ആശംസയറിയിച്ചു. മാതാവ് ശ്യാമള ഗോപാലൻ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതു മുതലുള്ള തന്റെ ജീവിതകഥയും കമല കൺവെൻഷനിൽ പറഞ്ഞു.‘‘ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഏറ്റവും അടുത്ത സുഹൃത്ത് വളരെ ദുഃഖിതയായിരിക്കുന്നതു കണ്ടു. സ്കൂൾ വിടുമ്പോൾ അവൾ വീട്ടിലേക്കു പോകാൻ മടിക്കുന്നതു കണ്ടു കാരണം തിരക്കിയപ്പോൾ രണ്ടാനച്ഛന്റെ ലൈംഗികപീഡനത്തെക്കുറിച്ചാണ് അവൾ പറഞ്ഞത്. അതോടെ ആ സുഹൃത്തിനെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അഭിഭാഷകയാകണം എന്നു തീരുമാനിച്ച നിമിഷമായിരുന്നു അത്. ഒപ്പമുള്ളവർക്ക് നീതി ഉറപ്പാക്കണമെന്നും അവർക്കൊപ്പം നിൽക്കണമെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നും കമല ഹാരിസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments