പി.പി.ചെറിയാൻ
വാഷിങ്ടൻ ഡിസി: സ്വന്തം ശരീരത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സ്ത്രീകൾക്ക് പൂർണ സ്വാതന്ത്ര്യമാണ് അമേരിക്കൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നതെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഞായറാഴ്ച റൊ വിഎസ് വേഡ് 50–ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗർഭഛിദ്രത്തെ അനുകൂലിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച റാലികളിൽ പങ്കെടുത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു നടത്തിയ പ്രസ്താവനയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗർഭഛിദ്രത്തിനെതിരെ സ്വീകരിച്ച ശക്തമായ നടപടികൾ സ്ത്രീ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കമല ഹാരിസ് പറഞ്ഞു.
സുപ്രീം കോടതി ഗർഭഛിദ്രം നിരോധിക്കുന്നതിനു ഭരണഘടനയുടെ സുരക്ഷിതത്വം ഉറപ്പ് നൽകുന്നുണ്ടെങ്കിലും റൊ വിഎസ് വേഡ് ഗർഭഛിദ്രം നടത്തുന്നതിന് അടിസ്ഥാന സംരക്ഷണം നൽകിയിരിക്കുന്നതായും കമല ഹാരിസ് കൂട്ടിച്ചേർത്തു. ഗർഭഛിദ്ര നിരോധനത്തിന്റെ ദൂഷ്യവശങ്ങളെകുറിച്ചും ഉദാഹരണങ്ങൾ സഹിതം കമല ഹാരിസ് വിശദീകരിച്ചു. ലൈംഗിക പീഡനം വഴി ഗർഭം ധരിച്ച ഒഹായോവിൽ നിന്നും 10 വയസ്സുക്കാരിക്ക് ഗർഭഛിദ്രത്തിനു സംസ്ഥാനം വിട്ടു മറ്റൊരു സംസ്ഥാനത്തിലേക്ക് യാത്ര ചെയ്യേണ്ടി വന്ന ദയനീയ ചിത്രവും കമല ഹാരിസ് വരച്ചുകാട്ടി.
ഗർഭഛിദ്രത്തിനനുകൂലമായി സമരം ചെയ്യുന്നവർ അവരുടെ ഊർജം സമാഹരിച്ചു റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലെ ഗർഭഛിദ്ര നിരോധന നിയമങ്ങൾക്കെതിരെ ശക്തമായി പോരാടണമെന്നും കമല ഹാരിസ് നിർദേശിച്ചു. യുഎസ് ഹൗസിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതും, സെനറ്റിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷവും ഡമോക്രാറ്റിക് പാർട്ടിക് ഗർഭഛിദ്രത്തിനനുകൂലമായി നിയമം കൊണ്ടുവരുന്നതിനു തടസ്സമാണ്.