ന്യൂയോര്‍ക്ക്: എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനം ഉറപ്പിച്ച് ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ കശ്യപ് പട്ടേല്‍ (കാഷ് പട്ടേല്‍). ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കശ്യപ് പട്ടേലിനെ നാമനിര്‍ദ്ദേശം ചെയ്തത്. നിലവിൽ ക്രിസ്റ്റഫർ റേയാണ് എഫ്.ബി.എ. ഡയറക്ടർ. ട്രംപ് ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുൻപ് തന്നെ ഡയറക്ടർ സ്ഥാനം രാജിവെയ്ക്കുമെന്ന് ക്രിസ്റ്റഫർ റേ പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുന്ന ജനുവരിയിൽ തന്നെ കശ്യപ് പട്ടേൽ ഏജൻസിയുടെ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
അഴിമതി പുറത്തുകൊണ്ടുവരുന്നതിനും നീതിക്കുവേണ്ടി പ്രതിരോധം ഉറപ്പുവരുത്തുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനും ചെലവഴിച്ച വ്യക്തി എന്നാണ് ഡൊണാള്‍ഡ് ട്രംപ് കശ്യപ് പട്ടേലിനെ വിശേഷിപ്പിച്ചത്. അദ്ദേഹം മേധാവിയാകുന്നതോടെ അമേരിക്കയിലെ കുറ്റകൃത്യ മഹാമാരിയെ എഫ്.ബി.ഐ. ഇല്ലാതാക്കുമെന്നും കുടിയേറ്റ കുറ്റകൃത്യസംഘങ്ങളെ തകര്‍ക്കുമെന്നും അതിര്‍ത്തികടന്നുള്ള മനുഷ്യ-മയക്കുമരുന്ന് കടത്തല്‍ അവസാനിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു.