ചിക്കാഗോ: വടക്കെ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) യുടെ പ്രസിഡന്റായി ചിക്കാഗോയിൽ നിന്നുള്ള ഷാജി എടാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കെ സി സി എൻ എ യുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള (2023-2025) പുതിയ നേതൃത്വത്തെ, മാര്‍ച്ച് 18-ന് ശനിയാഴ്ച സാന്‍ഹൊസെയില്‍ വെച്ച് നടത്തപ്പെട്ട തെരെഞ്ഞെടുപ്പിലൂടെയാണ് തീരുമാനിക്കപ്പെട്ടത്. ചിക്കാഗോയില്‍ നിന്നും ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡും ഫ്ളോറിഡായില്‍ (താമ്പാ) നിന്നും റ്റോമി മ്യാല്‍ക്കരപ്പുറത്തിന്‍റെ നേതൃത്വത്തിലുള്ള ടീം എന്‍ഡോഗമിയും തമ്മിലാണ് മത്സരം നടത്തപ്പെട്ടത്.
ടീം യുണൈറ്റഡിന് നേതൃത്വം നൽകുന്ന ഷാജി എടാട്ട്, 1996 ൽ ചിക്കാഗോയിൽ വെച്ചു നടത്തപ്പെട്ട രണ്ടാമത് കെ.സി.സി.എൻ. എ കൺവൻഷന്റെ ഫൈനാൻസ് ചെയർമാൻ, മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്
ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള കെ.സി.എസ് ഭരണ സമിതിയാണ് ഹോഫ്മാൻ എസ്റ്റേറ്റിൽ ഏഴ് ഏക്കർ സ്ഥലം ക്നാനായ കമ്മ്യൂണിറ്റിക്ക് വേണ്ടി വാങ്ങുവാൻ നേതൃത്വം നൽകിയത്. നോർത്ത് അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനങ്ങൾ എത്തുന്ന ഷിക്കാഗോ സെന്റ് മേരീസ് ക്നാനായാ ദൈവാലയത്തിന്റെ സ്ഥാപനത്തിലും ഷാജി എടാട്ട് മുഖ്യ പങ്കു വഹിച്ചിരുന്നു. ഷാജി എടാട്ടിന്റെ ഭരണസമിതിയിൽ ജിപ്സണ്‍ പുറയംപള്ളില്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), അജീഷ് പോത്തന്‍ താമരാത്ത് (ജനറല്‍ സെക്രട്ടറി), ജോബിന്‍ കക്കാട്ടില്‍ (ജോയിന്‍റ് സെക്രട്ടറി), സാമോന്‍ പല്ലാട്ടുമഠം (ട്രഷറര്‍), യൂത്ത് നോമിനി ഫിനു തൂമ്പനാല്‍ (വൈസ് പ്രസിഡണ്ട്), വുമണ്‍ നോമിനി നവോമി മരിയ മാന്തുരുത്തില്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
വടക്കെ അമേരിക്കയില്‍ ഏറ്റവുമധികം അംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സാമുദായിക സംഘടനയാണ് കെസിസിഎന്‍എ. ഇരുപത്തിയൊന്ന് ക്നാനായ കത്തോലിക്കാ സംഘടനകളുടെ ദേശീയ പ്രസ്ഥാനമായ കെസിസിഎന്‍എയുടെ പുതിയ നാഷണല്‍ കൗണ്‍സിലില്‍ വോട്ടവകാശമുള്ള 136 അംഗങ്ങളാണുള്ളത്. സണ്ണി പൂഴിക്കാലാ, ബേബി മണക്കുന്നേല്‍, അലക്സ് മഠത്തിത്താഴെ എന്നീ മൂന്ന് മുന്‍ പ്രസിഡണ്ടുമാരടങ്ങുന്ന കെസിസിഎന്‍എ ഇലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
റിപ്പോർട്ട്: ബിജു കിഴക്കേക്കുറ്റ്