വാഷിംഗ്ടൺ: ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. സൈന്യത്തിന്റെ ആധുനികവത്കരണം ലക്ഷ്യമിട്ട് ഉത്തര കൊറിയ ഒരു ആണവായുധം പരീക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസ് റിപ്പോർട്ട് ചെയ്തു.
കിം തന്റെ ആണവ പദ്ധതികളെ ഉപേക്ഷിക്കാൻ തയാറല്ല. ആണവായുധങ്ങളുടെയും ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെയും (ഐസിബിഎം) പരീക്ഷണം തുടരും. കാലക്രമേണ ഒരു ആണവശക്തിയായി ഉത്തരകൊറിയയെ ലോകം അംഗീകരിക്കുമെന്ന് കിം കരുതുന്നതായും രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.2006 മുതൽ ഇതുവരെ ആറു ആണവ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. 2017ലാണ് ഉത്തരകൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്.