സോൾ : ഉത്തര കൊറിയയുടെ പരീക്ഷണ മിസൈലുകൾ വെടിവച്ചിടുന്നത് യുദ്ധത്തിനുള്ള ആഹ്വാനമായി കണക്കാക്കുമെന്ന് ഏകാധിപതി കിംജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഭീഷണി മുഴക്കി. പസിഫിക് സമുദ്രത്തിലേക്ക് കൂടുതൽ മിസൈലുകൾ വിടുമെന്ന സൂചനയും ജോങ് നൽകി.
ഇതുവരെ യുഎസോ സഖ്യരാഷ്ട്രങ്ങളോ ഉത്തര കൊറിയയുടെ മിസൈലുകൾ വെടിവച്ചിട്ടിട്ടില്ല. എന്നാൽ, വരുംദിവസങ്ങളിൽ ഉത്തരകൊറിയ ജപ്പാനു മുകളിലൂടെ മിസൈൽ പരീക്ഷണം നടത്തുമെന്നു സൂചനയുണ്ട്. അടുത്തിടെ യുഎസ്, ദക്ഷിണ കൊറിയൻ വ്യോമസേനകൾ സംയുക്ത അഭ്യാസങ്ങൾ നടത്തുന്നത് ഉത്തരകൊറിയയെ ചൊടിപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുതൽ ഫ്രീഡം ഷീൽഡ് എന്ന പേരിൽ 10 ദിവസത്തെ അഭ്യാസങ്ങൾ നടത്താൻ ഇരുരാജ്യങ്ങൾക്കും പദ്ധതിയുണ്ട്. ഇതിനിടെ ജപ്പാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും തർക്കങ്ങൾ പരിഹരിക്കാനുമുള്ള ശ്രമങ്ങൾ ദക്ഷിണ കൊറിയ തുടങ്ങിയിട്ടുണ്ട്.