വാഷിങ്ടൺ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിൽ പ്രതികരണവുമായി യു.എസ്. രാഹുൽ ഗാന്ധിക്കെതിരായ നിയമനടപടികൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം വക്താവ് വേദാന്ത് പട്ടേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ ഭരണകൂടത്തോട് അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശവും അടക്കമുള്ള ജനാധിപത്യതത്വങ്ങളുടെ പ്രാധാന്യം ഉർത്തിക്കാട്ടുമെന്നും അദ്ദേഹം അറിയിച്ചു.
നിയമവാഴ്ചയെ മാനിക്കലും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവുമെല്ലാം ഏതൊരു ജനാധിപത്യത്തിന്റെയും മൂലക്കല്ലാണ്. ഇന്ത്യൻ കോടതികളിൽ നടക്കുന്ന രാഹുൽ ഗാന്ധിയുടെ കേസ് ഞങ്ങൾ വീക്ഷിക്കുന്നുണ്ട്. അഭിപ്രായസ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ മൂല്യങ്ങളോടുള്ള പൊതുപ്രതിബദ്ധതയോടെയാണ് ഇന്ത്യൻ സർക്കാരുമായി ഞങ്ങൾ ഇടപെടുന്നത്-വാർത്താ സമ്മേളനത്തിൽ വേദാന്ത് പറഞ്ഞു.
ഇന്ത്യൻ പങ്കാളികളുമായുള്ള(ഭരണാധികാരികളുമായുള്ള) ചർച്ചകളിൽ അഭിപ്രായസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിന്റെയും ജനാധിപത്യതത്വങ്ങളുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം അറിയിച്ചു. ഇരു ജനാധിപത്യവും ശക്തിപ്പെടുത്താൻ അവ പ്രധാനമാണ്. ഉഭയകക്ഷി ബന്ധമുള്ള ഏതൊരു രാജ്യത്തെയും പ്രതിപക്ഷ പാർട്ടി അംഗങ്ങളുമായി യു.എസ് ഭരണകൂടം ചർച്ച നടത്തുന്നത് സ്വാഭാവികമാണെന്നും വേദാന്ത് പട്ടേൽ വ്യക്തമാക്കി.
2019ലെ മാനനഷ്ടക്കേസിൽ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ, അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. സംഭവത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.