Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaയു.എസ്സിൽ വംശീയ, ലിംഗ വിവേചനത്തിനിരയായെന്ന് ഇന്ത്യൻ വംശജ ലക്ഷ്മി ബാലചന്ദ്ര

യു.എസ്സിൽ വംശീയ, ലിംഗ വിവേചനത്തിനിരയായെന്ന് ഇന്ത്യൻ വംശജ ലക്ഷ്മി ബാലചന്ദ്ര

ന്യൂയോർക്ക്: വംശീയവും ലിംഗപരവുമായ വിവേചനത്തിനിരയായെന്ന് യു.എസ് മസാച്യുസെറ്റ്സിലെ വെല്ലസ്ലി ബാബ്‌സൺ ബിസിനസ് സ്‌കൂളിലെ അസോസിയേറ്റ് പ്രൊഫസറും ഇന്ത്യൻ വംശജയുമായ ലക്ഷ്മി ബാലചന്ദ്ര. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ദി ബോസ്റ്റൺ ഗ്ലോബ് പത്രം റിപ്പോർട്ട് ചെയ്തു. ഇത് തനിക്ക് തൊഴിലവസരങ്ങൾ നഷ്ടമാക്കിയെന്നും തന്റെ പ്രശസ്തിയെ പ്രതികൂലമായി ബാധിച്ചെന്നും മാനസിക പ്രയാസമുണ്ടാക്കിയെന്നും ലക്ഷ്മി ബാലചന്ദ്ര പ്രതികരിച്ചു. കോളേജിന്റെ സംരംഭകത്വ വിഭാഗം പ്രൊഫസറും മുൻ ചെയർമാനുമായ ആൻഡ്രൂ കോർബെറ്റിനെതിരെയാണ് ലക്ഷ്മി ബാലചന്ദ്രയുടെ പരാതി.

ഫെബ്രുവരി 27-ന് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച പരാതി പ്രകാരം, അദ്ധ്യാപന നിയമനങ്ങൾ, ക്ലാസ് ഷെഡ്യൂളിംഗ്, വാർഷിക അവലോകനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിച്ചിരുന്ന കോർബറ്റ്, തനിക്ക് ഇലക്ടീവ് പേപ്പറുകൾ പഠിപ്പിക്കാൻ താൽപ്പര്യമുണ്ടായിട്ടും സംരംഭക കോഴ്‌സുകൾ പഠിപ്പിക്കാൻ നിർബന്ധിപ്പിച്ചുവെന്ന് ലക്ഷ്മി ബാലചന്ദ്ര പരാതിപ്പെട്ടു. എം.ഐ.ടി സ്ലോൺ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലും ഹാർവാർഡ് ബിസിനസ് സ്‌കൂളിലും ഇലക്ടീവ് പേപ്പറുകളാണ് ലക്ഷ്മി ബാലചന്ദ്ര പഠിപ്പിച്ചിരുന്നത്.

ബാബ്സൺ കോളേജിലെ വെള്ളക്കാരും പുരുഷൻമാരും കോർബെറ്റിനെ അനുകൂലിക്കുന്നുണ്ടെന്നും അവാർഡുകളും പദവികളും അവർക്കായി മാറ്റിവയ്ക്കുന്നുവെന്നും ലക്ഷ്മി ബാലചന്ദ്ര ആരോപിച്ചു. നിരവധി ഗവേഷണ റെക്കോർഡുകളുണ്ടായിട്ടും കോളേജിൽ സേവനമനുഷ്ഠിച്ചിട്ടും തനിക്ക് നിരവധി നേതൃസ്ഥാനങ്ങള്‍, ഗവേഷണം നടത്താനുള്ള അവസരങ്ങള്‍ എന്നിവ നിഷേധിച്ചെന്നും അവർ പരാതിപ്പെട്ടു. എന്നാൽ സംരംഭകത്വ വിഭാഗത്തിലെ വെള്ളക്കാരായ പുരുഷ ഫാക്കൽറ്റികൾക്ക് പ്രത്യേകാവകാശങ്ങൾ സ്ഥിരമായി നൽകാറുണ്ടെന്നും പരാതിയിൽ പറയുന്നു.

മസാച്യുസെറ്റ്സ് കമ്മീഷനിൽ വിവേചനത്തിനെതിരെ പരാതി സമർപ്പിച്ചിട്ടുണ്ടെന്നും ലക്ഷ്മി ബാലചന്ദ്രയുടെ അഭിഭാഷകൻ മോണിക്ക ഷാ പറഞ്ഞു. അതേസമയം, ആശങ്കകളും പരാതികളും ഗൗരവമായി കാണുന്നുവെന്നും അവ സമഗ്രമായി അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ചില പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ടെന്നും ബാബ്സൺ കോളേജ് പ്രതികരിച്ചു. ഏതെങ്കിലും തരത്തിലുള്ള വിവേചനം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ബാബ്‌സൺ കോളേജിന്റെ വക്താവ് പറഞ്ഞു. നാഷണൽ സയൻസ് ഫൗണ്ടേഷനിൽ ഫെലോഷിപ്പിനായി ഇപ്പോൾ അവധിയിൽ കഴിയുന്ന ലക്ഷ്മി ബാലചന്ദ്ര നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments